ബ്രദര്‍ അമലിനെ വിവാദ ആള്‍ദൈവമെന്നും തെറ്റിദ്ധരിച്ചു
ഈ അഗതിമന്ദിരത്തില്‍ വച്ച് ക്രൂരമര്‍ദനത്തിന് ഇരയായ ആലപ്പുഴ അരൂര്‍ മഞ്ചത്തറ വീട്ടില്‍ സുദര്‍ശനന്‍ (42) നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ്.

കൊച്ചി: ''അവിടെ എല്ലാത്തരം ആളുകളെയും കൊണ്ടുവരാറുണ്ട്, വഴിയില്‍ കിടക്കുന്നവരും രോഗവും വ്രണവുമൊക്കെയായി ദുരിതമനുഭവിക്കുന്നവരും മാനസിക വിഭ്രാന്തിയുള്ളവരും ക്രിമിനലുകളും എല്ലാം അവിടെയുണ്ട്. ഇടയ്ക്ക് അകത്തു നിന്നും വലിയ ബഹളമൊക്കെ കേള്‍ക്കാം. അടുത്തു താമസിക്കുന്നവര്‍ക്ക് ഇതുമൂലം ചെറിയ പ്രശ്‌നങ്ങളുണ്ട്. മറ്റു ചില കാര്യങ്ങളൊക്കെ ആരോപണങ്ങളായി കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായാണ്'' വരാപ്പുഴ കൂനമ്മാവില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊടുങ്ങല്ലൂരില്‍ ഉപേക്ഷിച്ച സംഭവത്തിലൂടെ വിവാദമായ അഗതിമന്ദിരത്തെ കുറിച്ച് പ്രദേശവാസികളിലൊരാള്‍ പറഞ്ഞത് ഇങ്ങനെയാണ്.
ഈ അഗതിമന്ദിരത്തില്‍ വച്ച് ക്രൂരമര്‍ദനത്തിന് ഇരയായ ആലപ്പുഴ അരൂര്‍ മഞ്ചത്തറ വീട്ടില്‍ സുദര്‍ശനന്‍ (42) നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ്. കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരായ ബ്രദര്‍ അമല്‍ എന്ന ഫ്രാന്‍സിസ് (65), ഇയാളുടെ വളര്‍ത്തുമകന്‍ ആരോമല്‍ (23), സഹായി നിതിന്‍ (35) എന്നിവര്‍ റിമാന്‍ഡിലാണ്. അതിനിടെ, സുദര്‍ശനനെ മര്‍ദിച്ച സംഭവത്തിലുള്ള കേസുകള്‍ കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ നിന്ന് വരാപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും.
ആദ്യം ധ്യാനകേന്ദ്രമായി പ്രവര്‍ത്തനം തുടങ്ങി പിന്നീട് അഗതിമന്ദിരമായി മാറിയതാണ് കൂനമ്മാവ് ചെമ്മായം റോഡിലുള്ള ഇവാഞ്ചലാശ്രമം. മാനസികാസ്വാസ്ഥ്യമുള്ളവര്‍, അലഞ്ഞു തിരിയുന്നവര്‍, ഭിക്ഷക്കാര്‍, അനാഥര്‍, വയോധികര്‍ എന്നിങ്ങനെ സ്ത്രീകളും പുരുഷന്മാരുമായി അറുപതോളം പേരാണ് ഇവിടെയുള്ളത്. പൊലീസ് കസ്റ്റഡിയിലെടുക്കുന്ന അലഞ്ഞു തിരിയുന്നവരെയും മറ്റും ഇവിടെ എത്തിക്കാറുണ്ട്. റോഡില്‍ കിടന്ന് ബഹളം വച്ചതിനു കസ്റ്റഡിയിലെടുത്തപ്പോള്‍ മാനസികപ്രശ്‌നങ്ങളുണ്ടെന്നു കണ്ടെത്തി പൊലീസാണ് സുദര്‍ശനനെയും ഈ അഗതി മന്ദിരത്തിലെത്തിച്ചത്.
ഇവിടെ വച്ച് അന്തേവാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതില്‍ ഇടപെട്ട സ്ഥാപനം നടത്തിപ്പുകാര്‍ സുദര്‍ശനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. മര്‍ദനത്തില്‍ തകര്‍ന്ന ജനനേന്ദ്രിയം പിന്നീട് അണുബാധയെ തുടര്‍ന്ന് നീക്കം ചെയ്തിരുന്നു. ഒരു കണ്ണിന്റെ കാഴ്ചയും മര്‍ദനം മൂലം ഇല്ലാതായി. സുദര്‍ശനനെ കൊടുങ്ങല്ലൂരില്‍ ഉപേക്ഷിച്ചു പോരുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെടുത്തതോടെയാണ് അഗതി മന്ദിരം നടത്തിപ്പുകാര്‍ പിടിയിലായത്. എന്നാല്‍ സുദര്‍ശനനെ മര്‍ദിക്കുന്നത് കണ്ടതായി ആരും പറഞ്ഞിട്ടില്ലെങ്കിലും വാഹനത്തില്‍ ഇവിടെ നിന്നു കൊണ്ടുപോകുന്നത് കണ്ടു എന്ന് അന്തേവാസികളില്‍ ചിലര്‍ മൊഴി കൊടുത്തിട്ടുണ്ട്.
സഭകളുമായി ബന്ധമുള്ളതല്ല ഈ അഗതിമന്ദിരം. ബ്രദര്‍ അമല്‍ എന്ന ചൊവ്വര സ്വദേശിയായ ഫ്രാന്‍സിസ് 1990കളില്‍ 10 സെന്റില്‍ തുടങ്ങിയ ധ്യാനകേന്ദ്രം അവസാനിപ്പിച്ചാണ് പിന്നീട് അഗതിമന്ദിരം തുടങ്ങുന്നത്. ഇതിനിടെ അരയേക്കറോളം സ്ഥലം കൂടി ഇയാള്‍ വാങ്ങി. ഇവിടെ താഴത്തെ പാര്‍ക്കിങ് സ്ഥലമടക്കം അഞ്ചു നിലകളുള്ള കെട്ടിടവും മെസ്സും അടക്കം നിര്‍മിച്ചു. തീരെ വയ്യാത്തവരെ ഈ പാര്‍ക്കിങ് സ്ഥലത്ത് കട്ടിലുകള്‍ നിരത്തി അതിലാണ് കിടത്തിയിരിക്കുന്നത്. മറ്റുള്ളവരെ കെട്ടിടത്തിലും. സ്തീകളെ കെട്ടിടത്തിനുള്ളില്‍ പ്രത്യേക സ്ഥലത്താണ് താമസിപ്പിച്ചിട്ടുള്ളത്.
സ്ഥലത്തിനു ചുറ്റും വലിയ അടച്ചുകെട്ടുള്ളതിനാല്‍ പുറംലോകവുമായി ഇവര്‍ക്ക് ബന്ധമില്ല. ഇതിനുള്ളില്‍ നിന്ന് ചിലപ്പോള്‍ വലിയ കരച്ചിലും ബഹളവുമൊക്കെ കേള്‍ക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. നേരത്തെ അഗതിമന്ദിരത്തിലെ അഴുക്കുവെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായപ്പോള്‍ പഞ്ചായത്ത് അടക്കം ഇടപെട്ടിരുന്നു. ബഹളം കേള്‍ക്കുമ്പോള്‍ അയല്‍വാസികള്‍ പരാതിപ്പെടും എന്നതല്ലാതെ പിന്നീട് അധികം പ്രശ്‌നങ്ങള്‍ സ്ഥാപനവുമായി ബന്ധപ്പെട്ട് കേട്ടിട്ടില്ല. വ്യവസായ സ്ഥാപനങ്ങളും വ്യക്തികളും നല്‍കുന്ന സംഭാവനകളാണ് സ്ഥാപനത്തിന്റെ വരുമാനം.
ചാരിറ്റബിള്‍ ട്രസ്റ്റായി റജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനത്തിന് പക്ഷേ ഇത്തരത്തില്‍ ആളുകളെ പാര്‍പ്പിക്കാന്‍ ആവശ്യമായ ലൈസന്‍സുകളൊന്നും ഇല്ലെന്നും ആരോപണമുണ്ട്. മനോവിഭ്രാന്തിയുള്ളവര്‍ അടക്കമുള്ളവരെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത് എന്നതിനാല്‍ അധികൃതരും കണ്ണടയ്ക്കാറാണ് പതിവ്. ഇടയ്ക്കിടെ അന്തേവാസികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാറുണ്ട്. ഇടയ്ക്ക് ചില താമസക്കാര്‍ കെട്ടിടത്തിനു പുറത്തിറങ്ങി ഓടാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.
ഇരുപതു വര്‍ഷംമുന്‍പ് ഫ്രാന്‍സിസിനെ പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്ത സംഭവം വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്. വിവാദ ആള്‍ദൈവം, അന്തരിച്ച സന്തോഷ് മാധവനാണെന്ന് കരുതി പൊലീസ് ഫ്രാന്‍സിസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്ന് ഒളിവിലായിരുന്ന സന്തോഷ് മാധവനെ തിരഞ്ഞ് പരക്കം പായുന്നതിനിടെയാണ് ആംബുലന്‍സില്‍ സഞ്ചരിക്കുകയായിരുന്ന ഫ്രാന്‍സിസിനെ പൊലീസ് കാണുന്നത്. രൂപസാദൃശ്യം മൂലം കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

