വയോധികയെ കൊലപ്പെടുത്തി മൃതദേഹം കായലില്‍ കെട്ടിത്താഴ്ത്തിയ സംഭവം ;പ്രതി അയൽവാസി;പിടിയിൽ

ആലപ്പുഴ : കായംകുളത്ത് വയോധികയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതി പിടിയിൽ. അയൽവാസിയായ പ്രകാശനാണ് പിടിയിലായത്. കണ്ടല്ലൂർ സ്വദേശിനി തങ്കമ്മയുടെ (80) മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെയാണ് കനകക്കുന്ന് ജെട്ടിക്ക് സമീപത്തുനിന്ന് കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈകാലുകൾ കയറുകൊണ്ട് കെട്ടിയ നിലയിലായതിനാൽ സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു.മോഷണശ്രമത്തിനിടെ തങ്കമ്മയെ ബോധരഹിതയാക്കി ശേഷം മരിച്ചെന്ന ധാരണയിൽ കായലിൽ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് മൂന്ന് ടീമുകളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ആറുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഉച്ചയോടെയാണ് യഥാർഥ പ്രതിയിലേക്ക് പൊലീസ് എത്തിയത്.വയോധികയുടെ കഴുത്തിൽ മാല, കൈയിൽ അഞ്ച് വളകൾ, മോതിരം, കമ്മൽ എന്നിവയുണ്ടായിരുന്നു. എന്നാൽ ഇൻക്വസ്റ്റ് നടപടികൾക്കിടയിൽ തങ്കമ്മയുടെ ശരീരത്തിൽ ആഭരണങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. തങ്കമ്മ വീട്ടിൽ തനിച്ചായിരുന്നു താമസം. ഇവരുടെ മകനും കുടുംബവും മറ്റൊരു വീട്ടിലും, വിവാഹിതയായ മകൾ ഭർതൃവീട്ടിലുമാണ് താമസിക്കുന്നത്. കൊലപാതകത്തിന് രണ്ടുദിവസം മുൻപ് തങ്കമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കനകക്കുന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് കായലിൽ മീൻപിടിത്തക്കാർ മൃതദേഹം കണ്ടെത്തിയത്.

