ദീപക്കിന്റെ മരണം ;ഷിംജിതയെ വീഡിയോ പകര്‍ത്തിയ ബസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ മരണത്തിൽ ജയിലിൽ കഴിയുന്ന ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കുന്ദമംഗലം കോടതി പരിഗണിക്കും. കസ്റ്റഡിയിൽ കിട്ടിയാൽ വീഡിയോ പകർത്തിയ ബസിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് നീക്കം.
ഷിംജിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ കോടതി പരിഗണിക്കും.ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനും വീഡിയോ ചിത്രീകരിച്ച സാഹചര്യത്തെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്താനും ഷിംജിതയെ ചോദ്യം ചെയ്യും. ഷിംജിതയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ ദൃശ്യങ്ങൾ എഡിറ്റ് ചെയതതാണെന്നാണ് പൊലിസിന്റെ സംശയം.
ഈ വീഡിയോകൾ എഡിറ്റ് ചെയ്യാൻ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നതും പൊലീസ് പരിശോധിക്കും. ഇതിനായി കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു.ജാമ്യം ലഭിച്ചാൽ പ്രതി ഇനിയും സമാനമായ കുറ്റകൃത്യം നടത്താനിടയുണ്ടെന്നും മറ്റുള്ളവരും ഇത്തരത്തിൽ പ്രവൃത്തികൾ ചെയ്യുമെന്നും ജാമ്യം നൽകുന്നത് അവർക്ക് പ്രേരണയാകുമെന്നുമുള്ള പൊലീസ് റിപ്പോർട്ട് കണക്കിലെടുത്താണ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയത്. സമൂഹവിചാരണ എന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ പ്രചരിപ്പിച്ചതെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും വാദിഭാഗം കോടതിയെ ബോധിപ്പിച്ചിരുന്നു.
ഗോവിന്ദപുരം സ്വദേശി യു ദീപക് ജീവനൊടുക്കിയത് ഷിംജിത സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലെ മനോവിഷമത്തിലാണെന്ന് മാതാവ് നൽകിയ പരാതിയിലാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി ഷിംജിതയെ അറസ്റ്റ് ചെയ്തത്. നിലവിൽ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ് ഷിംജിത.


