Kaumudi Plus

കോച്ചിങിനെത്തിയ വിദ്യാ​ർഥിനിയെ പീഡിപ്പിച്ച കേസ് ;ക്രിക്കറ്റ് പരിശീലകനായ പ്രതിയ്ക്ക് കഠിന തടവും പിഴയും

കോച്ചിങിനെത്തിയ വിദ്യാ​ർഥിനിയെ പീഡിപ്പിച്ച കേസ് ;ക്രിക്കറ്റ് പരിശീലകനായ പ്രതിയ്ക്ക് കഠിന തടവും പിഴയും
X

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ കോച്ചിങിനെത്തിയ വിദ്യാ​ർഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് പരിശീലകനായ പ്രതിയ്ക്ക് കഠിന തടവും പിഴയും. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെയാണ് 16 വർഷം കഠിന തടവിനും 24,000 രൂപ പിഴയ്ക്കും അതിവേ​ഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടി തടവ് അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷകൾ ഉണ്ടെങ്കിലും അഞ്ച് വർഷം അനുഭവിച്ചാൽ മതി. കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

പ്രതി കുട്ടിയെ പരിശീലനത്തിനെന്നു പറഞ്ഞ് ജിമ്മിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ന​ഗ്ന ഫോട്ടോ നൽകാനും പ്രതി പെൺകുട്ടിയെ പലതവണ നിർബന്ധിച്ചു.പെൺകുട്ടി പ്രതിയുടെ ഇഷ്ടത്തിനു വഴങ്ങാതെ വന്നതോടെ ശരിയായ കോച്ചിങ് നൽകാൻ ഇയാൾ തയ്യാറായില്ല. 2021ൽ കുട്ടി കോച്ചിങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി. ഇതോടെ പീഡന വിവരം പുറത്തു പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്നും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി.

ഈ കുട്ടിക്കു പുറമെ കോച്ചിങിനെത്തിയ മറ്റ് 5 കുട്ടികളെ കൂടി ഇയാൾ പീഡിപ്പിച്ചിട്ടുണ്ട്. ഇവരും പിന്നീട് മറ്റ് സ്ഥലങ്ങളിലേക്ക് കോച്ചിങ് മാറ്റി. പ്രതിയെ ഭയന്ന് കുട്ടികളാരും വിവരം പുറത്തു പറഞ്ഞിരുന്നില്ല.

2024ൽ തിരുവനന്തപുരത്ത് വച്ച് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടി വർഷങ്ങൾക്കു ശേഷം പ്രതിയെ കണ്ടതോടെ ഭയന്ന് ബഹളം വച്ചു. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഏഴാം ക്ലാസുകാരി പരാതി നൽകിയതിനു പിന്നാലെയാണ് മറ്റ് കുട്ടികളും സംഭവം പുറത്തു പറഞ്ഞത്. ഇതോടെ പ്രതിയ്ക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായി.ബിസിസിഐയ്ക്കും കെസിഎയ്ക്കും നൽകാനായി ശരീര ഘടന മനസിലാക്കാനെന്നു തെറ്റിദ്ധരിപ്പിച്ച് പ്രതി ന​ഗ്ന ചിത്രങ്ങളെടുത്തെന്നും ഇതു കാണിച്ച് ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തെന്നുമാണ് പരാതികളിൽ പറയുന്നത്. ആറ്റിങ്ങൽ, തെങ്കാശി എന്നിവിടങ്ങളിൽ നടന്ന ടൂർണമെന്റുകൾക്കിടയിലും പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചതായി പരാതിയുണ്ട്. അനുസരിക്കാത്ത പെൺകുട്ടികളെ പരിശീലനത്തിൽ നിന്നു ഒഴിവാക്കുകയും ടൂർണമെന്റുകളിൽ പങ്കെടുപ്പിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

കെസിഎ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും വച്ച് പെൺകുട്ടികളുടെ ന​ഗ്ന ചിത്രങ്ങളെടുക്കുകയും ഉപദ്രവിക്കുകയും ചെയ്തു. പരിശീലനത്തിനിടെയിലും പെൺകുട്ടികളോടു ലൈം​ഗിക കാര്യങ്ങൾ സംസാരിച്ചിരുന്നെന്നും പരാതികളിലുണ്ട്. മനുവിനെതിരെ കൂടുതൽ പെൺകുട്ടികൾ രം​ഗത്തെത്തിയതോടെ ഇയാൾക്കും കീഴിൽ പരിശീലനം നേടിയ പെൺകുട്ടികളെ പൊലീസ് കൗൺസിലിങ്ങിനു വിധേയമാക്കിയിരുന്നു.

Next Story
Share it