വാഹന പരിശോധനയ്ക്കിടെ കൊച്ചിയില്‍ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ചുകൊല്ലാൻ ശ്രമം;പ്രതികളെ കണ്ടെത്താനായില്ല

കൊച്ചി: വാഹന പരിശോധനയ്ക്കിടെ കൊച്ചിയിൽ പൊലീസുകാരനെ കാർ ഇടിപ്പിച്ചുകൊല്ലാൻ ശ്രമം. എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെ എഎസ്‌ഐ സന്തോഷ് കുമാറിനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാർ ഇരുപത് മീറ്ററോളം മുന്നോട്ട് പാഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ സന്തോഷിന് സാരമായി പരിക്കേറ്റു.പൊലിസുകാരനെ ഇടിച്ചിട്ട് പോയ കാറും അതിനുള്ളിലുവരെയും കണ്ടെത്താനായിട്ടില്ല. രണ്ടുപേർ കാറിലുണ്ടായിരുന്നതായാണ് വിവരം. പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
കൊച്ചിയിൽ മയക്കുമരുന്ന് വ്യാപനം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പൊലീസ് നൈറ്റ് പട്രോളിങ് സജീവമാക്കിയിരുന്നു. അതിന്റെ ഭാഗമായി കലൂർ ശാസ്ത റോഡിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്.വാഹനം കണ്ട് പൊലീസ് കൈ കാണിക്കുമ്പോൾ അതിവേഗത്തിൽ വന്ന വാഹനം വേഗത കുറച്ചു. പിന്നാലെ രണ്ടുപൊലീസുകാരെ വെട്ടിച്ച് മറികടന്നതിനുശേഷം തൊട്ടടുത്ത നിന്ന എഎസ്‌ഐ സന്തോഷിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൈക്കും കാലിനും സാരമായി പരിക്കേറ്റ സന്തോഷ് കുമാർ ആശുപത്രയിൽ ചികിത്സയിലാണ്. വാഹനവും അതിലുള്ളവരെയും കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

