വയനാട് പുല്‍പ്പള്ളിയില്‍ പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം;അയൽവാസി അറസ്റ്റിൽ

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം. അയൽവാസിയായ രാജു ജോസ് ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ വയനാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പുൽപ്പള്ളിയിലെ പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകളാണ് ആക്രമണത്തിന് ഇരയായത്.
സ്‌കൂൾ വിട്ട് വീട്ടിലേക്ക് എത്തിയതിന് പിന്നാലെ അയൽവാസിയായ രാജു വീട്ടിലെത്തി വഴക്കുണ്ടാക്കുകയും പെൺകുട്ടിയുടെ ശരീരമാകെ ആസിഡ് ഒഴിക്കുകയുമായിരുന്നു. ആസിഡ് ആക്രമണത്തിൽ പെൺകുട്ടിക്ക് അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു.അയൽവാസിയായ രാജു ജോസിന് മാനസിക പ്രശ്‌നമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
എസ്പിസി കേഡറ്റ് ആണ് ആക്രമണത്തിനിരയായ പെൺകുട്ടി. പെൺകുട്ടി വീട്ടിലെത്തിയതിന് പിന്നാലെ എസ്പിസി കേഡറ്റ് യൂണിഫോം തനിക്ക് വേണമെന്ന് രാജു ജോസ് ആവശ്യപ്പെട്ടു. എന്നാൽ ഇത് നൽകാൻ പെൺകുട്ടി തയ്യാറായില്ല. പിന്നാലെ രാജു വീട്ടിലെത്തി സൂക്ഷിച്ചിരുന്ന ആസിഡ് കുപ്പി എടുത്തുകൊണ്ടുവന്ന് പെൺകുട്ടിക്ക് മേൽ ഒഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.


