സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി;അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും പോലീസ് കസ്റ്റഡിയിൽ

കൊച്ചി : നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയും സുഹൃത്തുക്കളും പോലീസ് കസ്റ്റഡിയിൽ . പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ച് കോതമംഗലം പൊലീസാണ് അർജുൻ ആയങ്കിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ.അർജുൻ ആയങ്കിക്കൊപ്പം കസ്റ്റഡിയിൽ ആയവരിൽ മരട് അനീഷിന്റെ കൂട്ടാളികളുമുണ്ട്. അർജുൻ ആയങ്കി എന്തിനാണ് കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ ആയങ്കി.സിപിഎം- ലീഗ്, സിപിഐഎം- ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന അർജുൻ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്‌ഐ ഇയാളെ പുറത്താക്കുകയായിരുന്നു. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അർജുൻ ഇതിനെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തുവന്നത്.

