Kaumudi Plus

ട്രംപിനെ ആര്‍ക്കുവേണം; പുത്തന്‍ വിപണി കണ്ടെത്തി ഇന്ത്യന്‍ സമുദ്രോത്പന്ന മേഖല

ട്രംപിനെ ആര്‍ക്കുവേണം; പുത്തന്‍ വിപണി കണ്ടെത്തി ഇന്ത്യന്‍ സമുദ്രോത്പന്ന മേഖല
X

കൊച്ചി: തീരുവയുടെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ പ്രസ്താവനകള്‍ പുറത്തുവിടാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ ശക്തമായി പിടിച്ചു നിന്ന് ഇന്ത്യ മുന്നേരുന്നതിനിടെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നും പുതിയ നീക്കം ഉണ്ടായിരിക്കുന്നത്.

എക്കാലവും ലോകരാഷ്ട്രങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍. ഇത് മുതലെടുത്ത് അമേരിക്കന്‍ സമ്മര്‍ദ്ദം മറികടക്കാനൊരുങ്ങുകയാണ് ഇന്ത്യ. യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ചൈന, യുഎഇ എന്നിവിടങ്ങളിലാണ് ഇന്ത്യ സമുദ്രോത്പന്ന മേഖലയില്‍ കൂടുതല്‍ വിപണി കണ്ടെത്തിയിരിക്കുന്നത്. ഇത് കേരളത്തില്‍ നിന്നടക്കമുള്ള കയറ്റുമതി സമൂഹത്തിന് വലിയ ആശ്വാസമാണ്. തീരുവ കുരുക്കുമൂലം നിലവില്‍ കേരളത്തിലെ കയറ്റുമതിമേഖല പ്രതിസന്ധിയിലാണ്.

അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയുടെ പ്രധാന വിപണികളിലൊന്നാണ് യൂറോപ്യന്‍ യൂണിയന്‍. അടുത്തിടെ യൂറോപ്യന്‍ യൂണിയന്‍ 102 ഇന്ത്യന്‍ കമ്പനികള്‍ക്ക് സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ കേരളത്തില്‍നിന്നുള്ള എട്ട് കമ്പനികളും ഉള്‍പ്പെടുന്നു. ഇതോടെ യൂറോപ്യന്‍ യൂണിയന്റെ അനുമതിയുള്ള കേരളത്തിലെ യൂണിറ്റുകളുടെ എണ്ണം 101 ആയി.

റഷ്യയിലേക്കുള്ള കയറ്റുമതിക്ക് 25 ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുമതി അന്തിമഘട്ടത്തിലാണ്. ഇതില്‍ കേരളത്തില്‍നിന്ന് രണ്ട് യൂണിറ്റും ഉള്‍പ്പെടും. ഇവയ്ക്കുപുറമേ യുഎഇ വിപണിയിലേക്ക് പ്രവേശിക്കാനുള്ള ചര്‍ച്ചകളും നടന്നുവരുകയാണ്. ഇതും മേഖലയ്ക്ക് ഗുണം ചെയ്യും. ഇതിനിടെ, ജപ്പാന്റെ സമുദ്രോത്പന്നങ്ങള്‍ക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തിയത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

2024-25 സാമ്പത്തികവര്‍ഷം കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 7,133 കോടി രൂപയുടേതായിരുന്നു. യുഎസ് കുരുക്കുകാരണം നടപ്പുസാമ്പത്തികവര്‍ഷം കയറ്റുമതിയില്‍ കാര്യമായ മുന്നേറ്റമുണ്ടാകില്ലെന്നാണ് കയറ്റുമതിസമൂഹം പറയുന്നത്. പുതിയ വിപണികളിലേക്കുള്ള പ്രവേശനം 2026-27 സാമ്പത്തിക വര്‍ഷത്തോടെ പ്രകടമാകുമെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യ വിലയിരുത്തുന്നു.

പൊതുവേ ക്രിസ്മസ്, പുതുവത്സര സീസണിനോടനുബന്ധിച്ച് ഒക്ടോബര്‍ മുതലാണ് വിദേശ വിപണികളില്‍നിന്ന് ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ക്ക് ആവശ്യം ഉയരുന്നത്. എന്നാല്‍, ഇത്തവണ വ്യാപാരികള്‍ക്ക് കാര്യമായ അന്വേഷണങ്ങള്‍ ലഭിച്ചിട്ടില്ല. പുതിയ വിപണികളില്‍നിന്ന് ജനുവരി മുതല്‍ ഓര്‍ഡറുകള്‍ എത്തുമെന്നാണ് കരുതുന്നത്. പുതിയ വിപണിയിലേക്ക് പ്രവേശിക്കാന്‍ കേരളത്തില്‍നിന്ന് കൂടുതല്‍ യൂണിറ്റുകള്‍ക്ക് അനുമതി ലഭിക്കുമെന്നുമാണ് മേഖലയുടെ പ്രതീക്ഷ.

Next Story
Share it