Kaumudi Plus

കേന്ദ്ര ബജറ്റ് ;പരമ്പരാഗത ഹല്‍വ ചടങ്ങില്‍ പങ്കെടുത്ത് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍

കേന്ദ്ര ബജറ്റ് ;പരമ്പരാഗത ഹല്‍വ ചടങ്ങില്‍ പങ്കെടുത്ത് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍
X

ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി നടക്കുന്ന പരമ്പരാഗത ഹൽവ ചടങ്ങിൽ പങ്കെടുത്ത് ധനമന്ത്രി നിർമ്മലാ സീതാരാമൻ. ബജറ്റ് തയ്യാറെടുപ്പിന്റെ അവസാന ഘട്ടം അടയാളപ്പെടുത്തുന്നതിനായാണ് കാലങ്ങളായി ഹൽവ ചടങ്ങ് നടത്തുന്നത്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്.

ധനകാര്യ മന്ത്രാലയം മുൻപ് പ്രവർത്തിച്ചിരുന്ന റെയ്സിന കുന്നിലെ നോർത്ത് ബ്ലോക്കിലാണ് ചടങ്ങ് നടന്നത്. 2025 സെപ്റ്റംബറിലാണ് നോർത്ത് ബ്ലോക്കിൽ നിന്ന് കർത്തവ്യ ഭവനിൽ സ്ഥിതി ചെയ്യുന്ന ആധുനിക സെൻട്രൽ സെക്രട്ടേറിയറ്റ് ഓഫീസിലേക്ക് ധനമന്ത്രിയും സംഘവും മാറിയത്. പരമ്പരാഗത മധുരപലഹാരമായ 'ഹൽവ' തയ്യാറാക്കി ബജറ്റ് തയ്യാറാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വിളമ്പുന്ന ഒരു ആചാരമാണ് ചടങ്ങ്.കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ 'ലോക്ക്-ഇൻ' ചെയ്യുന്നതിന് മുമ്പാണ് ഹൽവ ചടങ്ങ് നടത്തുന്നത്. പാരമ്പര്യം നിലനിർത്തിക്കൊണ്ട്, നോർത്ത് ബ്ലോക്കിന്റെ ബേസ്‌മെന്റിലാണ് ഇത് സംഘടിപ്പിച്ചത്. ഇതിലാണ് ധനമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തത്.

ചടങ്ങിന്റെ ഭാഗമായി ധനമന്ത്രി ബജറ്റ് പ്രസ്സ് സന്ദർശിച്ച് തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു. കൂടാതെ മുഴുവൻ ബജറ്റ് ടീമിനും ആശംസകൾ നേരുകയും ചെയ്തു. ഹൽവ ചടങ്ങിൽ, ധനമന്ത്രിയോടൊപ്പം ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയും ധനമന്ത്രാലയത്തിന് കീഴിലുള്ള എല്ലാ വകുപ്പുകളുടെയും സെക്രട്ടറിമാരും ബജറ്റ് തയ്യാറാക്കലിൽ ഉൾപ്പെട്ട മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. തുടർച്ചയായ ഒൻപതാമത്തെ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കാൻ പോകുന്നത്.

ഹൽവ ചടങ്ങ്

ബ്രിട്ടീഷ് കാലഘട്ടം മുതലുള്ളതും സ്വതന്ത്ര ഇന്ത്യയിൽ പതിറ്റാണ്ടുകളായി പിന്തുടരുന്നതുമായ ഒരു പാരമ്പര്യമാണ് ഹൽവ ചടങ്ങ്. കാലക്രമേണ, ഇത് കീഴ് വഴക്കമെന്ന നിലയിൽ കേന്ദ്ര ബജറ്റിന്റെ ഭാഗമായി തീർന്നു. തുടക്കത്തിൽ, നോർത്ത് ബ്ലോക്കിന്റെ ബേസ്‌മെന്റിൽ നടന്നിരുന്ന ബജറ്റ് അച്ചടി പ്രക്രിയയുമായാണ് ഈ ചടങ്ങ് ബന്ധപ്പെട്ട് കിടക്കുന്നത്. പേപ്പർലെസ് ബജറ്റുകളിലേക്ക് മാറിയതോടെ, ഈ രീതി പ്രതീകാത്മകമായി തുടരുന്നുവെന്ന് മാത്രം.

Next Story
Share it