Kaumudi Plus

സംഘര്‍ഷഭരിതമായ പശ്ചിമേഷ്യന്‍ സാഹചര്യം;ആഗോള ചരക്ക് വിതരണ ശൃംഖലകളെ പ്രതികൂലമായി ബാധിക്കുന്നു

സംഘര്‍ഷഭരിതമായ പശ്ചിമേഷ്യന്‍ സാഹചര്യം;ആഗോള ചരക്ക് വിതരണ ശൃംഖലകളെ  പ്രതികൂലമായി ബാധിക്കുന്നു
X

ന്യൂയോർക്ക്: ഇറാനെതിരെ ഇസ്രയേൽ - യുഎസ് സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെ സംഘർഷഭരിതമായ പശ്ചിമേഷ്യൻ സാഹചര്യം ആഗോള ചരക്ക് വിതരണ ശൃംഖലകളെ പ്രതികൂലമായി ബാധിക്കുന്നു. ആഗോള എണ്ണ വിപണിയിൽ ഇതിനോടകം വലിയ പ്രതിസന്ധിയുണ്ടാക്കിയ സംഘർഷം കപ്പൽ, വ്യോമ ചരക്ക് ഗതാഗതത്തെയും ബാധിച്ചുതുടങ്ങി.ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ നീക്കം ഇറാൻ ഇടപ്പെട്ട് തടഞ്ഞതോടെ ചരക്ക് കപ്പലുകൾ ഗൾഫ് തീരത്ത് കുടുങ്ങിക്കിടക്കുകയോ ആഫ്രിക്കയുടെ തെക്കൻ മുനമ്പ് വഴിയുള്ള പാതയിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കുകയോ ചെയ്യേണ്ട നിലയാണുള്ളത്. മിഡിൽ ഈസ്റ്റുമായി ബന്ധപ്പെട്ടുള്ള വ്യോമ ചരക്ക് ഗതാതഗവും സ്തംഭനാവസ്ഥയിലാണ്.

എണ്ണയ്ക്ക് പുറമെ ഇന്ത്യയിൽ നിന്നുള്ള മരുന്നുകൾ, ഏഷ്യയിൽ നിന്നുള്ള സെമികണ്ടക്ടറുകൾ, മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്രൂഡ് ഉപോത്പന്നങ്ങൾ എന്നിവയുടെ നീക്കത്തെ ഉൾപ്പെടെ സംഘർഷം ബാധിക്കുന്നു. യുദ്ധം നീണ്ടാൽ വിവിധതരം സാധനങ്ങൾക്ക് ക്ഷാമവും വില വർദ്ധനവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഈ മേഖലയുള്ളവർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇൻഷുറൻസ് കമ്പനികൾ മേഖലയിലെ ഇൻഷുറൻസ് നിരക്കുകൾ റദ്ദാക്കുന്നതിലേക്കും, തുക ഉയർത്താനും തുടങ്ങിയിട്ടുണ്ട്.

വ്യോമ ഗതാഗതത്തിലെ പ്രതിസന്ധി ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. മിഡിൽ ഈസ്റ്റേൺ എയർപോർട്ട് ഹബ്ബുകളിലൂടെയുള്ള വിമാനങ്ങൾ ഇന്ത്യയിൽ നിന്നുള്ള ചരക്കുകൾക്കും യാത്രക്കാർക്കും ഏറെ പ്രധാനമാണ്. ആഗോളതലത്തിൽ ചരക്കുകളുടെയും ഒരു ശതമാനത്തിൽ താഴെയാണ് വിമാനമാർഗം ഉപയോഗിക്കുന്നത്. എന്നാൽ ഈ മാർഗത്തിലൂടെ കൈമാറ്റം ചെയ്യുന്നത് നശിക്കുന്നതോ ഉയർന്ന മൂല്യമുള്ളതോ ആയ ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്‌സ്, ഉൽപന്നങ്ങൾ എന്നിവ പോലെയുള്ള വസ്തുക്കളാണ്. ഇത് ലോക വ്യാപാര മൂല്യത്തിന്റെ ഏകദേശം 35 ശതമാനത്തോളം വരുകയും ചെയ്യും.

Next Story
Share it