ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു;നാലുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ന്യൂഡൽഹി: ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു. വീണ്ടും ബാരലിന് 110 ഡോളർ കടന്ന് കുതിക്കുകയാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വില. നിലവിൽ ബാരലിന് 112.6 ഡോളറാണ് ബ്രെൻഡ് ക്രൂഡിന്റെ വില. ഒരു ദിവസത്തിനിടെ ഏകദേശം അഞ്ചുശതമാനത്തോളമാണ് വില ഉയർന്നത്. 2022 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നതാണ് വില ഉയരാൻ കാരണം. യുദ്ധം അവസാനിപ്പിക്കുന്നതിന് അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഒരു വശത്ത് സംഘർഷം തുടരുന്നത് എണ്ണ വിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് വില ഉയരാൻ കാരണം. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വൻ മിസൈൽ ആക്രമണമാണ് നടത്തിയത്. ഇറാന്റെ ആണവായുധ നിർമാണ പദ്ധതികളിൽ നിർണായക പങ്കുവഹിക്കുന്ന അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടർ കോംപ്ലക്സിന് നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. ആണവായുധങ്ങൾക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് അറാകിലെ പ്ലാന്റ് എന്നും ലോകത്തിന് ഭീഷണിയായ ഇറാന്റെ ആണവ പദ്ധതിയെ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
സംഘർഷം ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ട്രംപിന്റെ ഉറപ്പ് ലംഘിച്ചാണ് ഇസ്രയേൽ നീക്കം.ഊർജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം വെറും വാക്കെന്ന് തെളിഞ്ഞതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. രണ്ട് വൻകിട ഉരുക്ക് ശാലകൾ, ഒരു പവർ സ്റ്റേഷൻ, സിവിലിയൻ ആണവ കേന്ദ്രം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്ക് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇസ്രയേലിന്റെ ഈ നടപടിക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇസ്രായേൽ തീ കൊണ്ട് കളിച്ചെന്ന് ഐആർജിസി എയറോസ്പേസ് കമാൻഡർ സെയ്ദ് മാജിദ് മൂസവി പറഞ്ഞു.'ഞങ്ങളുടെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ആക്രമിക്കുന്നു. മുമ്പ് ഇത് നിങ്ങൾ പരീക്ഷിച്ചതാണ്, ഇനി വിട്ടുവീഴ്ചയില്ല. കണ്ണിന് കണ്ണ് എന്ന തത്വം ഞങ്ങൾ പാലിക്കില്ല' കാത്തിരുന്നു കാണുക എന്നും മുന്നറിയിപ്പിൽ പറയുന്നു.

