മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പന്നമായ 'ന്യൂട്രിലെവല്‍ വിപണിയിൽ

തിരുവനന്തപുരം: മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ച് മിൽമ. മിൽമയുടെ ആദ്യ പ്രോട്ടീൻ സമ്പുഷ്ട ഉൽപന്നമായ 'ന്യൂട്രിലെവൽ' ആണ് ഇതിലൊന്ന്. ഇതോടെ ആരോഗ്യസംരക്ഷണ ഉൽപന്ന വിപണിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് മിൽമ.ന്യൂട്രിലെവലിന്റെ വിപണനോദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി, മിൽമ ചെയർമാൻ കെ എസ് മണിക്ക് നൽകി നിർവഹിച്ചു. പ്രായഭേദമെന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്ന പോഷകസമൃദ്ധവും ഗുണമേൻമയേറിയതുമായ ഉൽപ്പന്നമാണ് 'ന്യൂട്രിലെവൽ'. സ്‌പോർട്‌സിലും ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധ പുലർത്തുന്നവർ, പ്രായമായവർ, വളർച്ചയുടെ ഘട്ടത്തിലുള്ള കുട്ടികൾ, ശാരീരികമായി ദുർബലരായവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, പ്രമേഹരോഗികൾ തുടങ്ങിയവർക്ക് ഏറെ പ്രയോജനപ്രദമാണ്.കഫേ മോക്ക, കോൾഡ് കോഫി എന്നി മിൽക്ക്‌ഷേക്കുകളും ചടങ്ങിൽ പുറത്തിറക്കി. 2030ഓടെ 10,000 കോടി രൂപയുടെ വിറ്റുവരവുള്ള പ്രസ്ഥാനമായി മാറാനാണ് മിൽമ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ലാഭത്തിന്റെ 85 ശതമാനം ക്ഷീരകർഷകക്ഷേമത്തിന് ക്ഷീരസഹകരണ സംഘങ്ങൾ വഴി ചെലവഴിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

