എച്ച്ഡിഎഫ്സി ബാങ്ക് ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തി രാജിവെച്ചു;ഓഹരിയില്‍ വൻ ഇടിവ്

മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന്റെ പാർട്ട് ടൈം ചെയർമാനും സ്വതന്ത്ര ഡയറക്ടറുമായ അതാനു ചക്രവർത്തി രാജിവച്ചു. ബാങ്കിനുള്ളിലെ ചില രീതികളും പ്രവർത്തനങ്ങളും തന്റെ വ്യക്തിപരമായ ധാർമിക മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ബാങ്കിന്റെ ഗവേണൻസ്, നോമിനേഷൻ ആൻഡ് റമ്യൂണറേഷൻ കമ്മിറ്റി ചെയർമാന് നൽകിയ കത്തിലാണ് അദ്ദേഹം രാജി തീരുമാനം അറിയിച്ചത്.'കഴിഞ്ഞ രണ്ട് വർഷമായി ബാങ്കിൽ ഞാൻ നിരീക്ഷിച്ച ചില സംഭവങ്ങളും രീതികളും എന്റെ വ്യക്തിപരമായ മൂല്യങ്ങളോടും ധാർമ്മികതയോടും പൊരുത്തപ്പെടുന്നില്ല. ഇതാണ് എന്റെ തീരുമാനത്തിന്റെ അടിസ്ഥാനം. എന്റെ രാജിക്ക് മറ്റ് കാര്യമായ കാരണങ്ങളൊന്നുമില്ലെന്നും ഞാൻ വ്യക്തമാക്കുന്നു'- അതാനു ചക്രവർത്തി കത്തിൽ പറയുന്നു.
രാജി വാർത്ത പുറത്തുവന്നതിന് പിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികളിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യൻ ഓഹരി വിപണിയിൽ 4.73 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.അതാനു ചക്രവർത്തിയുടെ രാജിയെ തുടർന്ന് എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ മുൻ വൈസ് ചെയർമാനായിരുന്ന കെകി മിസ്ത്രിയെ മൂന്ന് മാസത്തേക്ക് ബാങ്കിന്റെ ഇടക്കാല പാർട്ട്-ടൈം ചെയർമാനായി നിയമിക്കാനുള്ള തീരുമാനത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നൽകി. മാർച്ച് 19 മുതൽ ഈ നിയമനം പ്രാബല്യത്തിൽ വന്നു.
2021 മെയ് മാസത്തിലാണ് അതാനു ചക്രവർത്തി എച്ച്ഡിഎഫ്സി ബാങ്കിന്റെ ബോർഡിന്റെ ഭാഗമായത്. 'ബോർഡിൽ ഞാൻ പ്രവർത്തിക്കുന്ന സമയത്താണ് എച്ച്ഡിഎഫ്സി ലിമിറ്റഡുമായി ബാങ്ക് ലയിപ്പിച്ചതുപോലുള്ള സുപ്രധാന സംഭവങ്ങൾ ഉണ്ടായത്. അത് ബാങ്കിന് കീഴിൽ ഒരു കൂട്ടായ്മ സൃഷ്ടിച്ചു. ഈ തന്ത്രപരമായ സംരംഭം എച്ച്ഡിഎഫ്സി ബാങ്കിനെ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാക്കി മാറ്റി. എന്നിരുന്നാലും, ലയനത്തിന്റെ ഗുണങ്ങൾ ഇതുവരെ പൂർണ്ണമായി ഫലവത്തായില്ല.'- അദ്ദേഹം കത്തിൽ പറയുന്നു.

