പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ അയവ് ;എണ്ണവില കുത്തനെ ഇടിഞ്ഞു, 91 ഡോളറിലേക്ക്

ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ ഉടൻ തന്നെ സമാധാന കരാർ നിലവിൽ വരുമെന്ന പ്രതീക്ഷ എണ്ണവിലയിൽ പ്രതിഫലിച്ചു . എണ്ണവില കുത്തനെ ഇടിഞ്ഞത് ഇന്ത്യ അടക്കമുള്ള ഇറക്കുമതി രാജ്യങ്ങൾക്ക് താത്കാലിക ആശ്വാസം നൽകും . ഇന്ത്യ പ്രധാനമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വിലയിൽ ബാരലിന് 1.70 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് 91.12 എന്ന നിലയിലേക്കാണ് എണ്ണവില കുറഞ്ഞത്.
അമേരിക്കയും ഇറാനും വെടിനിർത്തൽ നീട്ടുന്നതിനും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനും ഒരു പ്രാഥമിക ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോളതലത്തിലുള്ള എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്നും കടന്നുപോകുന്ന ഈ തന്ത്രപ്രധാനമായ ജലപാത, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഗതാഗത മാർഗ്ഗങ്ങളിൽ ഒന്നാണ്.അതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിയാൻ കാരണമായി. വെടിനിർത്തൽ നീട്ടുമെന്ന സൂചന നൽകുന്നതായിരുന്നു കുറിപ്പ്. 'ഇറാൻ തങ്ങൾ ഒരിക്കലും ഒരു ആണവായുധമോ ബോംബോ നിർമ്മിക്കില്ലെന്ന് സമ്മതിക്കണം. ഹോർമുസ് കടലിടുക്ക് യാതൊരുവിധ തടസ്സങ്ങളുമില്ലാതെ, ഇരുവശങ്ങളിലേക്കുമുള്ള കപ്പൽ ഗതാഗതത്തിനായി ഉടനടി തുറന്നുനൽകണം, യാത്രാ നികുതികൾ ഈടാക്കാനും പാടില്ല. കടലിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ മൈനുകളും നീക്കം ചെയ്യണം.'- സമാധാന കരാർ നിലവിൽ വരുന്നതിന് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങളാണിവ.എണ്ണവില കുത്തനെ ഉയർന്നതിനെ തുടർന്ന് ഇന്ത്യയിൽ നാലുതവണയാണ് ഇന്ധനവില കൂട്ടിയത്. പെട്രോളിന് മാത്രം ഏകദേശം എട്ടുരൂപയാണ് വർധിച്ചത്. എണ്ണവില കുത്തനെ ഇടിഞ്ഞ സ്ഥിതിക്ക് ഇന്ത്യയിൽ ഇന്ധനവില കുറയ്ക്കാൻ എണ്ണ വിതരണ കമ്പനികൾ തയ്യാറാകുമോ എന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

