കേന്ദ്ര ബജറ്റ് ;വില വർധിക്കുകയും കുറയുകയും ചെയ്യുന്ന ഉൽപ്പന്നങ്ങൾ

ന്യൂഡൽഹി: ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് അനുസരിച്ച് വിമാന ഭാഗങ്ങൾ, മൈക്രോവേവ് ഉൽപ്പനങ്ങൾ, ഇലക്ട്രോണിക് വാഹന ഭാഗങ്ങൾ, സോളാർ പാനൽ എന്നിവയ്ക്ക് വില കുറയും. ഇതിന്റെ നികുതി കുറച്ചതോടെയാണ് വില കുറയാനുള്ള സാഹചര്യം ഒരുങ്ങിയത്.പ്രമേഹ, കാൻസർ രോഗികൾക്ക് പ്രയോജനം ചെയ്യുന്നതാണ് ബജറ്റ്. ഈ രോഗങ്ങൾക്ക് ഉൾപ്പെടെ 17 മരുന്നുകൾക്ക് വില കുറയും.
ഇതിന് പുറമെ ഇന്ത്യയിൽ നിർമിക്കുന്ന സ്മാർട്ട് ഫോൺ, ടാബ്ലറ്റുകൾ എന്നിവയ്ക്കും വില കുറയും. സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന, ഇറക്കുമതി ചെയ്യുന്ന ചില ഉപകരണങ്ങളും വില കുറയുന്നവയുടെ പട്ടികയിലുണ്ട്.
രാജ്യത്തെ തുകൽ ഉൽപ്പന്നങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് ഇതുമായി ബന്ധപ്പെട്ട് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് നികുതി രഹിത ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ അമേരിക്കയുടെ അമ്പത് ശതമാനം ചുങ്ക ഭീഷണിയിൽ തളർന്ന ലെതർ കമ്പനികൾക്ക് പുതിയ നീക്കം ഗുണകരമാവും.
ലക്ഷ്വറി വാച്ചുകൾ, ഇറക്കുമതി ചെയ്യുന്ന മദ്യം, സിഗരറ്റ്, പാൻമസാല, ഗുഡ്ക ഉൽപ്പന്നങ്ങൾക്കാണ് വിലകൂടുന്നത്. ഇറക്കുമതി ചെയ്യുന്ന ടെലിവിഷൻ, കാമറ ഉൽപ്പനങ്ങൾക്കും വിലകൂടും. ഇറക്കുമതി ചെയ്യുന്ന ഫോട്ടോഗ്രാഫി, റെക്കോർഡിംഗ് ഉൽപ്പന്നങ്ങൾ എന്നിവയും വിലകൂടുന്നവയുടെ പട്ടികയിലുണ്ട്.താരിഫുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന ഇളവ് എടുത്തുകളഞ്ഞതോടെ ചില വളങ്ങളുടെ വിലയും വർധിക്കും.


