Kaumudi Plus

ഇന്ധന സര്‍ചാര്‍ജ് വർധിപ്പിച്ചു എയർഇന്ത്യ ;നാളെമുതൽ പ്രാബല്യത്തിൽ

ഇന്ധന സര്‍ചാര്‍ജ്  വർധിപ്പിച്ചു എയർഇന്ത്യ ;നാളെമുതൽ പ്രാബല്യത്തിൽ
X

ന്യൂഡൽഹി: ആഗോളതലത്തിൽ വിമാന ഇന്ധനവില കുത്തനെ ഉയർന്നതിനെത്തുടർന്ന് ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ ഇന്ധന സർചാർജ് കൂട്ടി എയർ ഇന്ത്യ. മിക്ക റൂട്ടുകളിലും ബുധനാഴ്ച മുതൽ മാറ്റം നിലവിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഏപ്രിൽ 10 മുതലായിരിക്കും പുതുക്കിയ സർചാർജ് ബാധകമാകുക.വിമാന ഇന്ധന വില വർധന 25 ശതമാനമായി പരിമിതപ്പെടുത്തിയ പെട്രോളിയം മന്ത്രാലയത്തിന്റെയും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും നടപടിക്ക് പിന്നാലെയാണ് ഈ പരിഷ്‌കരണമെന്ന് എയർ ഇന്ത്യ അറിയിച്ചു. ആഭ്യന്തര വിമാന സർവീസുകൾക്കായി ഫ്‌ലാറ്റ് സർചാർജിന് പകരം ദൂരത്തിനനുസരിച്ചുള്ള പ്രത്യേക നിരക്കാണ് എയർ ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്നത്.

500 കിലോമീറ്റർ വരെയുള്ള ചെറിയ ദൂരങ്ങളിൽ യാത്ര ചെയ്യുന്നവർ ഒരു സെക്ടറിന് 299 രൂപ അധികമായി നൽകണം. അതേസമയം 2,000 കിലോമീറ്ററിന് മുകളിൽ യാത്ര ചെയ്യുന്നവർ 899 രൂപ വരെ അധികമായി നൽകേണ്ടി വരും.അന്താരാഷ്ട്ര റൂട്ടുകളിലാണ് ഇതിന്റെ ആഘാതം കൂടുതൽ പ്രകടമാകുന്നത്. യൂറോപ്പിലേക്കുള്ള യാത്രക്കാർ ഒരു സെക്ടറിന് 205 ഡോളർ നൽകണം. വടക്കേ അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും പോകുന്നവർ 280 ഡോളർ സർചാർജ് ആയി നൽകേണ്ടി വരും.ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് 50 ഡോളറും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് 100 ഡോളറുമാണ് സർചാർജ് നിശ്ചയിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ വർധന.

Next Story
Share it