പ്രസിദ്ധമായ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദര്‍ശനം ഇന്ന്

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ ശിവക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. രൗദ്രഭാവത്തിൽ ഉള്ള ശിവ ഭഗവാൻ ആണ് മുഖ്യ പ്രതിഷ്ഠ. രാവിലെ അഘോരമൂർത്തിയായും ഉച്ചക്ക് ശരഭമൂർത്തിയായും വൈകുന്നേരം അർദ്ധനാരീശ്വരനായും സങ്കൽപ്പിച്ചാണ് ക്ഷേത്രത്തിൽ ആരാധനകൾ നടക്കുന്നത്.
എല്ലാ വർഷവും കുംഭമാസത്തിലെ തിരുവാതിര ആറാട്ടായി വരുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷം . ഉത്സവത്തിന്റെ എട്ടാം നാളാണ് വർഷത്തിൽ ഒരിക്കൽ മാത്രം പുറത്തെടുക്കുന്ന ഏഴരപ്പൊന്നാന ദർശനം. കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ് നടത്തുന്നത്. അന്നേ ദിവസം ഏറ്റുമാനൂർ തേവർ ക്ഷേത്ര മതിൽക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാന ദർശനം നൽകി എഴുന്നള്ളിയിരിക്കുന്നു. അന്ന് ഭഗവൻ ഏഴരപ്പൊന്നാനയുടെ പുറത്തെഴുന്നള്ളുന്നത് കാണാൻ ഭക്തജനങ്ങളുടെ പ്രവാഹമാണ് ഉണ്ടാവുന്നത് . ഏഴരപ്പൊന്നാന ദർശനം മഹാപുണ്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ മാസം 25 ബുധനാഴ്ച രാത്രിയിലാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. ഉത്സവത്തിന് 18നാണ് കൊടിയേറിയത്. 26നാണ് പള്ളിവേട്ട. 27ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.

