വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം ;മാര്‍ച്ച് 15 മുതല്‍ 28 വരെ

മാനന്തവാടി: വയനാട്ടിലെ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം മാർച്ച് 15 മുതൽ 28 വരെ. ഭക്തിയും കലയും ഒത്തുചേരുന്ന ഉത്സവത്തിനായി ഒരുക്കങ്ങൾ പൂർത്തിയായി. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിപുലമായ ആദ്ധ്യാത്മിക, സാംസ്‌കാരിക പരിപാടികളാണ് ഇത്തവണ സംഘടിപ്പിക്കുന്നത്.
ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയും ആദിപരാശക്തിയുമായ ഭദ്രകാളി ആണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വനദുർഗ്ഗ, ജല ദുർഗ്ഗ തുടങ്ങിയ ഭാവങ്ങളിലും സങ്കൽപ്പിച്ചു വരുന്നു. വള്ളിയൂരമ്മ എന്ന് ഭഗവതി അറിയപ്പെടുന്നു.വയനാട്ടിലെ ആദിവാസി സമുദായങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് ഈ ഭഗവതീ ക്ഷേത്രം. മെലേകാവിലെ സീതാദേവിയും ലവകുശന്മാരും രാമായണവുമായി ഈ ഭഗവതി ക്ഷേത്രത്തിനുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നു.
വള്ളിയൂർക്കാവ് ദേവസ്വം നേരിട്ട് നടത്തുന്ന ഇത്തവണത്തെ ഉത്സവത്തിന് സഹായത്തിനായി 61 അംഗ പ്രാദേശിക കമ്മിറ്റിയും സജീവമാണ്. മേലേക്കാവിലും താഴെക്കാവിലുമായാണ് ആദ്ധ്യാത്മിക ചടങ്ങുകൾ നടക്കുക. സാംസ്‌കാരിക വിരുന്ന് ഒരുക്കാൻ കേരളത്തിലെ പ്രമുഖ കലാസംഘങ്ങളാണ് ഇത്തവണ എത്തുന്നത്. മാർച്ച് 26ന് വടകര വരദ അവതരിപ്പിക്കുന്ന നാടകം എംടി വാസുദേവൻ നായരുടെ ഇരുട്ടിന്റെ ആത്മാവ്, മാർച്ച് 16ന് തൃശ്ശിലേരി നാട്ടുപൊലികയുടെ നാടൻ പാട്ട്, മാർച്ച് 17ന് മാനന്തവാടി പ്രിയരാഗം ഓർക്കസ്ട്രയുടെ ഗാനമേള, മാർച്ച് 22ന് കോഴിക്കോട് ശ്രീരാഗം ഓർക്കസ്ട്രയുടെ ഗാനമേള, മാർച്ച് 18ന് കമ്പളക്കാട് തിറയാട്ടം അവതരിപ്പിക്കുന്ന നാടൻപാട്ട്, മാർച്ച് 27ന് തിരുവനന്തപുരം പാർത്ഥസാരഥിയുടെ ബാലെ പളനി ആണ്ടവൻ തുടങ്ങി നിരവധി പരിപാടികളാണ് ഇത്തവണ താഴെക്കാവിൽ സംഘടിപ്പിക്കുന്നത്.
മേലേക്കാവിൽ ഭക്തിസാന്ദ്രമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മീനങ്ങാടി ഭജൻസിന്റെ ഭജൻസ്, കഥകളി, ചാക്യാർകൂത്ത്, എന്നിവയ്ക്ക് പുറമേ പല്ലാവൂർ ശ്രീധരൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും നടക്കും. മംഗലംകുന്ന് ഉമാമഹേശ്വരൻ തിടമ്പ് ഏറ്റുന്ന എഴുന്നള്ളത്ത് ഇത്തവണത്തെ ആകർഷണമായിരിക്കും. മാർച്ച് 28ന് ആണ് ആറാട്ട് എഴുന്നള്ളത്ത്. മാർച്ച് 25 മുതലാണ് പ്രസിദ്ധമായ ഒപ്പന ദർശനം.

