Kaumudi Plus

വീട്ടിൽ പൂജ വെയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട്ടിൽ പൂജ വെയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
X

നവരാത്രിയിൽ ദുർഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവീസങ്കൽപ്പങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ദുർഗാദേവി ശക്തിയുടെയും ധർമസംരക്ഷണത്തിന്റെയും പ്രതീകമാണ്. ലക്ഷ്മീദേവി ഐശ്വര്യത്തെയും സമൃദ്ധിയെയും പ്രതിനിധാനം ചെയ്യുന്നു. സരസ്വതീദേവിയാകട്ടെ വിദ്യയുടെയും ജ്ഞാനത്തിന്റെയും കലകളുടെയും പ്രതീകമാണ്. നവരാത്രിയുടെ അവസാന ദിവസങ്ങളിലാണ് സരസ്വതീപൂജയ്ക്ക് വിശേഷപ്രാധാന്യം ലഭിക്കുന്നത്.വിദ്യാർഥികൾ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും പൂജയ്ക്കു വയ്ക്കുന്നു. സംഗീതജ്ഞർ സംഗീതോപകരണങ്ങളും കലാകാരന്മാർ തങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും സമർപ്പിക്കുന്നു. തൊഴിലാളികളും സാങ്കേതികവിദഗ്ധരും ഉപജീവനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പൂജവയ്ക്കുന്ന പതിവുമുണ്ട്. അറിവ് നേടുന്നതിനും അധ്വാനത്തിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനും സഹായിക്കുന്ന ഉപകരണങ്ങളോടുള്ള ആദരവാണ് ഈ ആചാരത്തിലൂടെ പ്രകടമാകുന്നത്.വീട്ടിൽ പൂജവയ്ക്കാൻ വൃത്തിയുള്ളതും ശാന്തവുമായ ഒരിടം തെരഞ്ഞെടുക്കാം. അവിടെ പീഠമൊരുക്കി പട്ടുവിരിച്ച് സരസ്വതീദേവിയുടെ ചിത്രം സ്ഥാപിക്കാം. ചിത്രത്തിനു മുന്നിൽ നിലവിളക്ക് തെളിച്ച് പുഷ്പമാല ചാർത്താം. അവിൽ, മലർ, കൽക്കണ്ടം, മുന്തിരി തുടങ്ങിയ നിവേദ്യങ്ങൾ സമർപ്പിച്ച് പ്രാർഥിക്കുകയും ചെയ്യാം.

Next Story
Share it