വസന്തോത്സവം ;ഹോളിയുടെ ഐതിഹ്യം

ഹോളി എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്നത് വിവിധ വർണ്ണങ്ങളിൽ ഉള്ള കുങ്കുമങ്ങൾ വാരി വിതറുന്ന ചിത്രമാണ്. പാട്ടും നൃത്തവും വാദ്യഘോഷങ്ങളുമായി യുവാക്കൾ തെരുവിൽ ആടി തിമിർക്കുന്ന ചിത്രം എത്രയോ ഹിന്ദി സിനിമകളിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു.
വസന്തകാലത്തിന്റെ വരവറിയിച്ച് ഹിന്ദുക്കൾ ആഘോഷിക്കുന്ന വർണ്ണാഭമായ ഉത്സവമാണ് ഹോളി. ''നിറങ്ങളുടെ ഉത്സവം'', ''വസന്തോത്സവം'', ''ഫ ഗ്വ'' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഫാൽഗുന മാസത്തിലെ പൗർണ്ണമി നാളിലാണ് ഹോളി ആഘോഷിക്കുന്നത്. ഉത്തരേന്ത്യയിലാണ് പ്രധാനമായും ഈ ഉത്സവം ആഘോഷിച്ചു വരുന്നത് എ ങ്കിലും ഇന്ന് അത് ഇന്ത്യയാകെ വ്യാപിച്ചിരിക്കുകയാണ്.കേരളത്തിലെ നഗരപ്രദേശങ്ങളിലും ഹോളി ആഘോഷങ്ങൾ സാധാരണമാണ്. കൊച്ചി നേവൽ ബേസിലും മട്ടാഞ്ചേരിയിലും മറ്റും ഇത് കൂടുതൽ ഭംഗിയായി കൊണ്ടാടുന്നു.ഇന്ത്യയ്ക്ക് പുറമെ നേപ്പാളിലും ഈ ഉത്സവം വലിയ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു.ഹോളിയുടെ ഐതിഹ്യം, ഹോളിയുടെ ആധാരകഥ എന്നിവ തിന്മയ്ക്കെതിരായ നന്മയുടെ ജയത്തെ സൂചിപ്പിക്കുന്നതാണ്.
അസുരരാജാവായ ഹിരണ്യകശിപു തന്റെ അഹങ്കാരത്താൽ സ്വയം ദൈവമായി ആരാധിക്കപ്പെടണമെന്ന് ആഗ്രഹിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പുത്രനായ പ്രഹ്‌ളാദൻ മഹാവിഷ്ണുവിന്റെ ഭക്തനായിരുന്നു. ഇത് സഹിക്കാനാവാതെ ഹിരണ്യക ശിപു പ്രഹ്‌ളാദനെ കൊല്ലാൻ പല മാർഗങ്ങളും പരീക്ഷിച്ചു. അവസാനം,സഹോദരിയായ ഹോളികയെ ഉപയോഗിച്ച് അഗ്‌നിയിൽ ഇരുത്തി ദഹിപ്പിക്കാൻ ശ്രമിച്ചു. അഗ്‌നിയിൽ ദഹിക്കാത്ത വരം ലഭിച്ചിരുന്ന ഹോളിക പ്രഹ്‌ളാദനെ മടിയിൽ ഇരുത്തി അഗ്‌നിയിൽ പ്രവേശിച്ചെങ്കിലും, വിഷ്ണുഭക്തനായ പ്രഹ്‌ളാദൻ രക്ഷപ്പെടുകയും ഹോളിക ദഹിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ സ്മരണയ്ക്കായാണ് ഹോളിക്ക് മുൻദിവസം ''ഹോളിക ദഹനം'' നടത്തുന്നത്.
അതോടൊപ്പം, രാധയുടെയും കൃഷ്ണന്റെയും ദൈവിക സ്‌നേഹലീലകളുമായും ഹോളി ബന്ധപ്പെട്ടിരിക്കുന്നു. വൃന്ദാവനിലും മഥുരയിലും ഹോളി അതിവിശിഷ്ടമായി ആഘോഷിക്കുന്നു.

