Kaumudi Plus

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം നാളെ

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം നാളെ
X

ആലപ്പുഴ: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം നാളെ. ഭഗവതിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടങ്ങളും വിശ്വോത്തര കെട്ടുകാഴ്ചകളും നാളെ ഭഗവതിക്ക് മുന്നിൽ സമർപ്പിക്കും.16 കുടുംബങ്ങളിൽ നിന്നെത്തുന്ന കുത്തിയോട്ട വഴിപാടുകാർ രാവിലെ ഏഴ് മുതൽ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചേരും. താലപ്പൊലി, വാദ്യമേളങ്ങൾ, കരകം തുടങ്ങിയവ ഘോഷയാത്രയ്ക്ക് അകമ്പടിയായി ഉണ്ടാവും. ദേവിയുടെ തിരുനടയിൽ കുത്തിയോട്ട ബാലന്മാർ നാലുപാദം ചുവടുവയ്ക്കും. തുടർന്ന്, വഴിപാടുകാരുടെ സാന്നിധ്യത്തിൽ കുത്തിയോട്ട സമർപ്പണം. കുത്തിയോട്ട വരവുകൾ 12 മണിയോടെ സമാപിക്കും.

ഉച്ചയ്ക്ക് ശേഷമാണ് 13 കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകളുടെ വരവ്. ഈരേഴതെക്ക് (കുതിര), ഈരേഴവടക്ക് (കുതിര), കൈത തെക്ക് (കുതിര), കൈതവടക്ക് (കുതിര), കണ്ണമംഗലം തെക്ക് (തേര്), കണ്ണമംഗലം വടക്ക് (തേര്), പേള (കുതിര), കടവൂർ (തേര്), ആഞ്ഞിലിപ്ര (തേര്), മറ്റം വടക്ക് (ഭീമസേനൻ), മറ്റം തെക്ക് (പാഞ്ചാലിസമേതനായ ഹനുമാൻ), മേനാമ്പള്ളി (തേര്), നടയ്ക്കാവ് (കുതിര) കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകളാണ് ക്ഷേത്രത്തിലേക്കെത്തുന്നത്.ഉച്ചക്ക് 2.30ന് കുതിരച്ചുവടികളിൽ നിന്ന് ആരംഭിക്കുന്ന കെട്ടുകാഴ്ചകൾ നാലരയോടെ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. കരകളുടെ ക്രമമനുസരിച്ചാണ് കെട്ടുകാഴ്ചകൾ കാഴ്ചക്കണ്ടത്തിൽ ഇറങ്ങുന്നത്. പുലർച്ചെ മൂന്നിന് ഭഗവതി ജീവതയിൽ എഴുന്നെള്ളി തെക്കേമുറ്റത്തെ വേലകളിയും കുളത്തിൽ വേലകളിയും ദർശിച്ച് കരക്കാർ സമർപ്പിച്ച കെട്ടുകാഴ്ചകൾക്ക് മുൻപിലെത്തും. ക്രമപ്രകാരം കെട്ടുകാഴ്ചകൾക്ക് മുന്നിലെത്തി കരക്കാരെയും ഭക്തലക്ഷങ്ങളെയും അനുഗ്രഹിച്ച് ക്ഷേത്രത്തിലേക്ക് മടങ്ങും.

Next Story
Share it