ശിവരാത്രി അനുഷ്ഠാനങ്ങള്‍

ഹിന്ദു ആചാരങ്ങളിൽ ഏറ്റവും മഹത്തായ ശിവ ഭക്തി ദിനമായി ശിവരാത്രിയെ കണക്കാക്കുന്നു. പരമശിവന്റെ അനുഗ്രഹം നേടാൻ ഭക്തർ ഉപവാസം, ജപം, പൂജ, അഭിഷേകം എന്നിവ നടത്തി അനുഷ്ഠിക്കുന്ന മഹോത്സവമാണ് ശിവരാത്രി. ' ഇരുട്ടിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് ' എന്ന ആശയത്തെ പ്രതിനിധീകരിക്കുന്ന ദിനം ആണിത്. ഫെബ്രുവരി 15 ഞായറാഴ്ചയാണ് ഈ വർഷത്തെ ശിവരാത്രി.
പുരാണങ്ങൾ പ്രകാരം ശിവനും പാർവതിയും വിവാഹിതരായ ദിനം ശിവരാത്രിയാണെന്ന് വിശ്വസിക്കുന്നു. അതിനാൽ ദാമ്പത്യ വിജയത്തിന് ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മറ്റൊരു വിശ്വാസം പ്രകാരം, ഈ രാവിലാണ് പരമശിവൻ ലിംഗരൂപത്തിൽ പ്രത്യ ക്ഷനായത്. അതുകൊണ്ട് തന്നെ ശിവലിംഗാരാധനയ്ക്ക് ഈ ദിവസം അത്യന്തം പ്രാധാന്യമുണ്ട്. ശിവരാത്രി രാവിൽ ഉറക്കം ഒഴിക്കുന്നത് ആത്മശുദ്ധിക്കും പാപക്ഷയത്തിനും കാരണമാകും എന്നാണ് വിശ്വാസം.ശിവരാത്രി വ്രതത്തിന്റെ അനുഷ്ഠാനങ്ങൾ
ശിവരാത്രി വ്രതം ഭക്തിപൂർവ്വം അനുഷ്ഠിക്കുന്നതിലൂടെ മനസ്സിനും ശരീരത്തിനും ആത്മീയ ഉന്നമനം ലഭിക്കുന്നു.
പ്രധാന അനുഷ്ഠാനങ്ങൾ:
പുലർച്ചെ ശുചിസ്‌നാനം ചെയ്ത് വ്രതസങ്കൽപം എടുക്കുക. ദിനം മുഴുവൻ ഉപവാസം (നിർജലമോ ഫലാഹാരമോ) അവരവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് അനുഷ്ഠിക്കാം.
ശിവക്ഷേത്രദർശനം നടത്തുകയും കൂവള മാല ചാർത്തുകയും ധാര കഴിക്കുകയും, പൂജകൾ, പഞ്ചാക്ഷരി മന്ത്രജപം ശിവപുരാണം, രുദ്രം എന്നിവ പാരായണം ചെയ്യുകയും രാത്രി ഉറക്കം ഒഴിക്കുക, ഭജനകൾ പാടുകയുമാണ് ഭക്തർ ചെയ്യുക
ധാര
ശിവാരാധനയിലെ ഏറ്റവും വിശിഷ്ടമായ രീതിയാണ് ധാര. ശിവലിംഗത്തിന്മേൽ തുടർച്ചയായി ജലം, പാൽ, ഇളനീർ, തേൻ, നെയ്യ് എന്നിവ ഒഴിച്ചു കൊണ്ടുള്ള അഭിഷേകമാണ് ധാര. ഇത് മനസ്സിലെ ദോഷങ്ങൾ ഒഴുക്കി കളഞ്ഞ് ശുദ്ധീകരണത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. ''ഓം നമശ്ശിവായ'' ജപത്തോടെ ധാര നടത്തുന്നത് വിശേഷ ഫലപ്രദമാണ്.
കൂവളമാല (ബില്വപത്രം)
ശിവാരാധനയിൽ കൂവളയിലയ്ക്ക് അതിപ്രാധാന്യമുണ്ട്. ത്രിദളമുള്ള ബില്വപത്രം ശിവന്റെ ത്രിനേത്രത്തെയും ത്രിഗുണങ്ങളെയും പ്രതിനിധീകരിക്കുന്നു. കൂവളമാല സമർപ്പിക്കുന്നത് പാപനിവൃത്തിക്കും ഐശ്വര്യത്തിനും കാരണമാകുമെന്ന് വിശ്വാസം.
രുദ്രാക്ഷധാരണം
രുദ്രാക്ഷം ശിവന്റെ അനുഗ്രഹത്തിന്റെ ചിഹ്നമായി കണക്കാക്കുന്നു. രുദ്രാക്ഷമാല ധരിക്കുന്നത് മനസ്സിന് ശാന്തിയും ഏകാഗ്രതയും നൽകുന്നു. ശിവഭക്തൻ രുദ്രാക്ഷം ധരിച്ച് ജപം നടത്തുന്നത് ആത്മീയ ശക്തി വർധിപ്പിക്കും.
ഭസ്മധാരണം
വിഭൂതി അഥവാ ഭസ്മം ശിവന്റെ പ്രിയവസ്തുവാണ്. നെറ്റിയിൽ ത്രിപുണ്ഡ്രമാക്കി ഭസ്മം ധരിക്കുന്നത് അഹങ്കാരനാശത്തെയും വൈരാഗ്യത്തെയും സൂചിപ്പിക്കുന്നു. ''എല്ലാം നശ്വരം'' എന്ന തത്ത്വചിന്ത ഓർമ്മപ്പെടുത്തുന്നതുമാണ് ഭസ്മം.
ശിവക്ഷേത്ര പ്രദക്ഷിണം
ശിവക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തുന്നത് ശിവതത്ത്വത്തെ ചുറ്റിപ്പറ്റി ജീവിതം സഞ്ചരിക്കണമെന്ന സന്ദേശം നൽകുന്നു. സാധാരണയായി 3, 5, 11 പ്രദക്ഷിണങ്ങൾ ഭക്തർ നടത്താറുണ്ട്. പ്രദക്ഷിണത്തിനിടെ ശിവനാമജപം നടത്തുന്നത് വിശേഷഫലം നൽകും.
പഞ്ചാക്ഷരി മന്ത്രം
''ഓം നമശ്ശിവായ'' എന്ന പഞ്ചാക്ഷരി മന്ത്രം ശിവാരാധനയിലെ ഹൃദയമന്ത്രമാണ്. മനശുദ്ധി നൽ കുന്നു, ഭയം, സംഘർഷം കുറയ്ക്കുന്നു, ആത്മ ബോധം വളർത്തുന്നു. ശിവരാത്രി രാവിൽ ഈ മന്ത്രം ലക്ഷങ്ങൾ ജപിക്കുന്നതിനെ ഏറ്റവും ശ്രേഷ്ഠമായ ആരാധനയായി കാണുന്നു.
ശിവരാത്രി ഉറക്കം ഒഴിപ്പ്
രാത്രിയൊട്ടാകെ ഉറക്കമൊഴിച്ച് ശിവനാമ സങ്കീർത്തനം നടത്തുന്നത് മഹാപുണ്യകരമാണ്. നാലു യാമങ്ങളിൽ നാലു പൂജകൾ നടത്തുന്നത് ശാസ്ത്രീയമായി വിശിഷ്ടമാണ്.
ശിവരാത്രി വെറും ഒരു ഉത്സവമല്ല;
ആത്മപരിശുദ്ധിയുടെയും ഭക്തിയുടെയും ദിനമാണ് ശിവരാത്രി. ഉപവാസം, ജപം, ധ്യാനം, അഭിഷേകം എന്നിവയിലൂടെ ശിവതത്ത്വത്തെ ആത്മാവിൽ അ നുഭവിക്കുന്ന അവസരമാണ് ശിവരാത്രി. ഭക്തി പൂർവ്വം ആചരിച്ചാൽ ശാന്തിയും ഐശ്വര്യവും ആത്മോന്നതിയും പ്രാപ്യമാകും.

