പത്മനാഭസ്വാമി ക്ഷേത്രം;പൈങ്കുനി ഉത്സവം

പത്മനാഭസ്വാമി ക്ഷേത്രം വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. വർഷത്തിൽ പൈങ്കുനിയെന്നും അല്പശിയെന്നും പേരിൽ രണ്ട് ഉത്സവങ്ങളാണ് ഇവിടെ നടക്കുന്നത്. അതിൽ വർഷത്തിലെ ആദ്യത്തെ ഉത്സവമാണ് പൈങ്കുനി ഉത്സവം.
മീനമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് പത്ത് ദിവസത്തെ ഉത്സവത്തിന് തുടക്കമാകുന്നത്. പൈങ്കുനി ഉത്സവത്തിലെ കൗതുക കാഴ്ച ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ തലയുയർത്തി നിൽക്കുന്ന പഞ്ചപാണ്ഡവന്മാരുടെ കൂറ്റൻ ശിൽപ്പങ്ങളാണ്.
കാഴ്ചയുടേയും ആചാര അനുഷ്ഠാനങ്ങളുടേയും വ്യത്യസ്തമായ കാഴ്ചയാണ് ഇത് സമ്മാനിക്കുന്നത്. പാണ്ഡവൻമാരിൽ മുതിർന്ന ആളായതിനാൽ യുധിഷ്ഠിരൻ ഇരിക്കുന്ന രീതിയിലും മറ്റ് ശിൽപ്പങ്ങൾ നിൽക്കുന്ന രീതിയിലുമാണ് ഒരുക്കിയിരിക്കുന്നത്. ഫൈബർ ഗ്ലാസിലാണ് ഇപ്പോഴത്തെ ശില്പങ്ങൾ നിർമിച്ചിരിക്കുന്നത്.മറ്റൊരു ക്ഷേത്രത്തിലും കാണാത്ത ഇത്തരമൊരു ആചാരത്തിനു പിന്നിലെ വിശ്വാസം വരൾച്ചയുമായി ബന്ധപ്പെട്ടാണ്. തലമുറകൾക്ക് മുൻപ് തിരുവിതാംകൂറിൽ വലിയ വരൾച്ച ബാധിക്കുകയും അതിന്റെ ഭാഗമായി കൃഷി നശിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് തൃപ്പടിദാനം നടത്തി രാജ്യം തന്നെ പത്മനാഭന് സമർപ്പിച്ച് പത്മനാഭ ദാസനായി രാജ്യം ഭരിച്ചിരുന്ന തിരുവിതാകൂർ രാജാവ് ക്ഷേത്രത്തിൽ ദേവപ്രശ്നം നടത്തി.
ഇതിൽ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചപാണ്ഡവരുടെ ശിൽപ്പങ്ങൾ ക്ഷേത്രത്തിന് മുന്നിൽ തന്നെ സ്ഥാപിച്ചത്. ഇതിലൂടെ മഴയുടെ ദൈവമായ ഇന്ദ്രൻ പ്രസാദിച്ചെന്നും ആവശ്യത്തിന് മഴ ലഭിച്ചെന്നുമാണ് വിശ്വാസം. കർണാടകത്തിൽ നിന്നും പ്രത്യേകം ശില്പികളെ ഇവിടെയെത്തിച്ച് തടിയിലായിരുന്നു ശിൽ്പ്പങ്ങൾ നിർമിച്ചത്. ഓരോ ഉത്സവത്തിനും പ്രത്യേകമായി ശിൽപ്പങ്ങൾ നിർമിക്കാറില്ല. അറ്റകുറ്റപണി നടത്തി പുനരുപയോഗിക്കാറാണ് പതിവ്. കാലപ്പഴക്കത്തിൽ നശിച്ചു പോവുകയാണെങ്കിൽ മാത്രം പുതിയത് നിർമിക്കും. 1990ൽ നിർമിച്ച ഫൈബർ ഗ്ലാസിലുള്ള ശിൽപ്പങ്ങളാണ് ഇപ്പോൾ ക്ഷേത്രത്തിലുള്ളത്.

