വിഷുദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി

തൃശൂർ: വിഷുദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.കൊച്ചി പാലാരിവട്ടം നാഗ്പാൽ സ്റ്റേഡിയ പാർക്ക് വില്ലയിൽ ദീപക് നാരായണനാണ് വഴിപാടായി ആനയെ നടയിരുത്തിയത്.ക്ഷേത്രം മേൽശാന്തി ചെർപ്പുളശ്ശേരി തെക്കും പറമ്പത്ത് മനയിൽ ടി എം നാരായണൻ നമ്പൂതിരി മുഖ്യകാർമികനായി. കൊമ്പൻ കൃഷ്ണനാരായണൻ ആനയെയാണ് നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.
ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ ബി അരുൺകുമാർ, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എം രാധ, ഗോപുരം അസി. മാനേജർ ഇ സുന്ദർരാജ്, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ, കണ്ടിയൂർ പട്ടം വാസുദേവൻ നമ്പീശൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാടു നേർന്ന ദീപക് നാരായണനും കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

