Kaumudi Plus

പാരമ്പര്യപുണ്യം പേറുന്ന മണ്ണാറശാല നാഗരാജ ക്ഷേത്രം

പാരമ്പര്യപുണ്യം പേറുന്ന  മണ്ണാറശാല നാഗരാജ ക്ഷേത്രം
X

കേരളത്തിലെ അതിപുരാതനവും ഓരോ മൺതരിയിലുംനാഗചൈതന്യം സ്ഫുരിക്കുന്നതുമായ നാഗക്ഷേത്രമാണ് മണ്ണാറശാല നാഗരാജക്ഷേത്രം . ആലപ്പുഴജില്ലയിലെ ഹരിപ്പാട്ടാണ് യുഗാബ്ദങ്ങളുടെ പാരമ്പര്യപുണ്യം പേറുന്ന ഈ വിശ്വപ്രസിദ്ധമായ ഈ നാഗരാജക്ഷേത്രം സ്ഥിതിചെയ്യുന്നത് . കിഴക്കോട്ട് ദർശനമുള്ള മണ്ണാറശാല നാഗരാജക്ഷേത്രത്തിന് ഒട്ടേറെ സവിശേഷതകളുണ്ട് .അതിലൊന്ന് പരമ്പരാഗതമായി സ്ത്രീ പൂജാരിണിയായ ക്ഷേത്രമാണ് ഇത് . പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന്, പ്രകൃതിയെ സംരംക്ഷിച്ചുകൊണ്ടുള്ള നാഗാരാധന ചിട്ടകളാണ് ഇവിടുത്തെ മറ്റ് സവിശേഷതകൾ . നാഗാരാധനയുടെ ഭാഗമായി വൻ മരങ്ങൾക്കൊപ്പം ഇവിടെ പുൽപ്പടർപ്പുകളും സംരക്ഷിക്കപ്പെടുന്നു. കാടുകളിൽനിന്ന് ഒരിലപോലും പറിച്ച് മാറ്റാറില്ല. വൈഷ്ണവ സങ്കല്പത്തിൽ നാഗരാജാവ് അനന്തനാണ്. ശൈവ സങ്കല്പത്തിൽ വാസുകിയും. ഇവിടുത്തെപ്രധാന പ്രതിഷ്ഠ ശൈവനാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണ്. ഇല്ലത്തെ നിലവറയിൽ വിഷ്ണുസ്വരൂപമായ അനന്തൻ കുടികൊള്ളുന്നു. മണ്ണാറശാലയിലെ പൂർവ്വിക തലമുറയിൽ പിറന്ന അഞ്ചുമുഖമുള്ള നാഗശിശുവാണ് അവതാര ലക്ഷ്യം പൂർത്തിയാക്കി ഇല്ലത്തെ നിലവറയിലേക്ക് അന്തർധാനം ചെയ്ത സാക്ഷാൽ അനന്തൻ എന്ന് ഐതിഹ്യം. ഇങ്ങനെ വൈഷ്ണവ തേജസ്സാർന്ന അനന്തനും ശൈവ തേജസ്സാർന്ന വാസുകിയും ഭക്തർക്ക് ആശ്രയാനുഗ്രഹങ്ങൾ ചൊരിഞ്ഞ് അഭീഷ്ടങ്ങൾക്ക് സാഫല്യമേകി ഇവിടെ വാണരുളുന്നു.

Next Story
Share it