മണ്ണാറശാല ആയില്യത്തിന് ഇന്ന് തുടക്കം

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യ ഉത്സവം ഇന്ന് മുതൽ നവംബർ 2 വരെ നടക്കും. ആയില്യം ഉത്സവത്തിനു മുന്നോടിയായുള്ള കാവിൽ പൂജയും നാഗരാജാവിനും സർപ്പയക്ഷിക്കും നടത്തുന്ന മുഴുക്കാപ്പ് ചാർത്തും നാളെ സമാപിക്കും. ഇന്ന് വൈകിട്ട് 6.30ന് സർപ്പംപാട്ടുതറയിൽ കളമെഴുത്തും പുള്ളുവൻ പാട്ടും എന്നിവ നടക്കും.നാളെ രാവിലെ 7ന് മുഴുക്കാപ്പ് ചാർത്തൽ, വൈകിട്ട് 3.30ന് നാഗരാജ പുരസ്കാര സമർപ്പണ സമ്മേളനം, 5ന് ദീപക്കാഴ്ച. നവംബർ ഒന്നിന് രാവിലെ 9.30ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെ ഉച്ചപ്പൂജ നടക്കും. 2ന് ആയില്യ ഉത്സവത്തോട് അനുബന്ധിച്ച് പുലർച്ചെ 4ന് നട തുറക്കും. രാവിലെ 8ന് ഇല്ലത്തെ നിലവറയ്ക്കു സമീപം വലിയമ്മ സാവിത്രി അന്തർജനം ഭക്തർക്ക് ദർശനം നൽകും. 9ന് കുടുംബത്തിലെ ഇളയ കാരണവർ എം.കെ.കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാർത്തിയുള്ള പൂജ നടക്കും. നാഗരാജാവിന്റെ വാസുകീ ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളിൽ ചാർത്തുന്നത്. ഉച്ചയ്ക്ക് ഒന്നിന് പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത് നടക്കും. നിലവറയോടു ചേർന്നുള്ള തളത്തിൽ നാഗപത്മക്കളം വരച്ചു കഴിയുമ്പോൾ വലിയമ്മ സാവിത്രി അന്തർജനം ക്ഷേത്രത്തിലെത്തും. ഇളയമ്മയും കാരണവന്മാരും അനുഗമിക്കും. വലിയമ്മ ശ്രീകോവിലിൽ പ്രവേശിച്ച് പൂജ നടത്തും. തുടർന്ന് വലിയമ്മ നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും ഇളയമ്മ സതി അന്തർജനം സർപ്പയക്ഷിയുടെ വിഗ്രഹവും കാരണവന്മാർ നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ എന്നിവരുടെ വിഗ്രഹങ്ങളുമായി ക്ഷേത്രത്തിനു വലം വച്ച് ഇല്ലത്തേക്ക് നീങ്ങുന്നതാണ് ആയില്യം എഴുന്നള്ളത്ത്. ശേഷം വലിയമ്മയുടെ കാർമികത്വത്തിൽ ആയില്യം പൂജ നടക്കും. തുടർന്ന് നൂറുംപാലും, ഗുരുതി, തട്ടിൻമേൽ നൂറും പാലും എന്നിവ നടക്കും.

