Kaumudi Plus

മഹാ മൃത്യുഞ്ജയ മന്ത്രം ;അറിയാം അർത്ഥവും പ്രാധാന്യവും

മഹാ മൃത്യുഞ്ജയ മന്ത്രം ;അറിയാം അർത്ഥവും പ്രാധാന്യവും
X

മരണഭയം അകറ്റി ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യുന്ന അത്യന്തം ശക്തിയുള്ള ഋഗ്വേദ മന്ത്രമാണ് മഹാ മൃത്യുഞ്ജയ മന്ത്രം. ഭഗവാൻ ശിവന്റെ അനുഗ്രഹം നേരിട്ട് അനുഭവിക്കാൻ സഹായിക്കുന്ന ഈ മഹാമന്ത്രം, മാർക്കണ്ഡേയ മഹർഷിക്ക് യമധർമ്മരാജാവിൽ നിന്നും രക്ഷനേടാൻ ശിവൻ ഉപദേശിച്ചു തന്നതായാണ് പുരാണത്തിൽ പറയുന്നത്.

മൃകണ്ഡു മഹർഷിയുടെ മകനായ മാർക്കണ്ഡേയന് പതിനാറ് വയസ്സു വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. എന്നാൽ ശിവഭക്തനായ അദ്ദേഹം, നിശ്ചിത സമയത്ത് പ്രാണനൈടുക്കാൻ എത്തിയ യമനെ കണ്ടപ്പോൾ ശിവലിംഗത്തെ ആശ്രയിച്ച് ഈ മന്ത്രം ഭക്തിപൂർവ്വം ജപിച്ചു. ആ ഭക്തിയിൽ പ്രസാദിച്ച ശിവൻ പ്രത്യക്ഷപ്പെട്ടു. യമനെ പിന്തിരിപ്പിച്ച് മാർക്കണ്ഡേയനെ രക്ഷിക്കുകയും ചിരഞ്ജീവിയാകാൻ അനുഗ്രഹിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

മന്ത്രത്തിന്റെ അർത്ഥം

മധുരഗന്ധമുള്ളവനും സകല ജീവജാലങ്ങളെയും പോഷിപ്പിക്കുന്നവനുമായ മൂന്നു കണ്ണുകളുള്ള ഭഗവാൻ ശിവനെ നാം ആ രാധിക്കുന്നു. പക്വമായ വെള്ളരി തണ്ടിൽ നിന്നും സ്വയം വേർപെടുന്നതുപോലെ, ഞങ്ങളെ മരണബന്ധനത്തിൽ നിന്ന് മോചിപ്പിച്ച് അമൃതസ്വഭാവമായ മോക്ഷത്തിലേക്ക് നയിക്കണമേ.

മന്ത്രജപത്തിന്റെ പ്രയോജനങ്ങൾ

മരണഭയം അകറ്റാൻ സഹായിക്കുന്നു.രോഗശാന്തിയും ആയുസ്സിന്റെ വർധനയും പ്രദാനം ചെയ്യുന്നു. മാനസിക ശക്തിയും ധൈര്യവും വർദ്ധിപ്പിക്കുന്നു.ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാൻ ആത്മബലം നൽകുന്നു. ഋഗ്വേദത്തിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന ഈ മന്ത്രം യജുർവേദത്തിലും ആവർത്തിച്ച് മഹത്വപ്പെടുത്തപ്പെട്ടിട്ടുണ്ട്.

പുരാതനകാലത്ത് അതീവ രഹസ്യമായി സൂക്ഷിക്കപ്പെട്ടിരുന്ന ഈ മന്ത്രം ലോകത്തിന് പരിചിതമായത് മാർക്കണ്ഡേയ മഹർഷി മുഖാന്തരമാണ്. ദക്ഷന്റെ ശാപഫലമായി ക്ഷയിച്ച ചന്ദ്രദേവനെ മരണത്തിൽ നിന്ന് രക്ഷിക്കാനായി, ദക്ഷപുത്രിയായ സതിക്ക് മാർക്കണ്ഡേയൻ ഈ മന്ത്രോപദേശം നൽകിയതോടെയാണ് മന്ത്രത്തിന്റെ മഹിമ ലോകമെങ്ങും പരന്നത്.പിന്നീട് പാർവതി ദേവിയുടെ ബാല്യകാലത്ത് മാർക്കണ്ഡേയ മഹർഷി തന്റെ ബാല്യകാല അനുഭവങ്ങൾ വിവരിക്കുമ്പോൾ, അത് ശ്രവിച്ച പാർവതി ദേവി ഗുരുപദേശം കൂടാതെ തന്നെ ഈ മന്ത്രം സ്വയം ഉരുവിടുന്നു. ആദിപരാശക്തിയായ പാർവതി തന്നെയാണ് മുൻജന്മത്തിൽ സതിയായി അവതരിച്ചിരുന്നതെന്ന് അപ്പോൾ മാർക്കണ്ഡേയൻ സ്മരിച്ചു. അങ്ങനെ ദൈവാ നുഗ്രഹത്തോടെ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം സകലജനങ്ങൾക്കും പ്രാപ്യമാവുകയായിരുന്നു.

ഭക്തിയോടും ശുദ്ധചിത്തത്തോടും കൂടിയുള്ള മഹാമൃത്യുഞ്ജയ മന്ത്രജപം ആത്മവിശ്വാസവും ആത്മശക്തിയും പകരുന്ന ദിവ്യാനുഭവമായി മാറുന്നു. മരണത്തെ പോലും ജയിക്കാൻ കഴിവുള്ള ഈ മഹാമന്ത്രം, ജീവിതത്തിന് പുതിയ പ്രത്യാശയും ദൈവിക സംരക്ഷണവും നൽകുന്ന അതുല്യമായ ഉപാസനാമാർഗ്ഗമാണ്.

Next Story
Share it