Kaumudi Plus

ജന്മദിനത്തിൽ കേരളത്തിലെ 9 ക്ഷേത്രങ്ങൾക്കായി 22.55 കോടി രൂപ സംഭാവന നൽകി ആനന്ദ് അംബാനി

ജന്മദിനത്തിൽ കേരളത്തിലെ 9 ക്ഷേത്രങ്ങൾക്കായി 22.55 കോടി രൂപ സംഭാവന നൽകി ആനന്ദ് അംബാനി
X

കൊച്ചി: തന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനും ഒമ്പത് ക്ഷേത്രങ്ങളുടെ വികസനത്തിനുമായി സംഭാവനയായി നൽകിയത് 22.55 കോടി രൂപ. വെള്ളിയാഴ്ച തന്റെ 31-ാം ജന്മദിനം ആഘോഷിച്ച അനന്ത് അംബാനി ഏപ്രിൽ 7ന് ഗുരുവായൂർ ക്ഷേത്രവും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും സന്ദർശിച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിന് 6 കോടി രൂപയും രാജരാജേശ്വര ക്ഷേത്രത്തിന് 12 കോടി രൂപയുമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായാണ് 12കോടി നൽകുമെന്ന് പ്രഖ്യാപിച്ചത്. കൂടാതെ, ഗുരുവായൂരിലെ ആനകളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി അധികപിന്തുണയും അദ്ദേഹം ഉറപ്പുനൽകി.ഇതിന് പുറമേ തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, തൃശൂർ കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം, തിരൂർ തൃപ്രങ്ങോട് ശിവക്ഷേത്രം, തിരൂർ തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം, ഗുരുവായൂരിനടുത്തുള്ള അരിയന്നൂർ ഹരികന്യക ക്ഷേത്രം, മലപ്പുറം വള്ളിക്കുന്നിലെ നിറംകൈതക്കോട്ട ഭഗവതി ക്ഷേത്രം, പരപ്പനങ്ങാടി നെടുമ്പറമ്പ് ഭഗവതി ക്ഷേത്രം എന്നി ക്ഷേത്രങ്ങളുടെ നവീകരണത്തിനും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി 4.55 കോടി രൂപ അധികമായും നൽകി. ജ്യോതിഷി പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുടെ ശുപാർശ പ്രകാരമാണ് ഈ സംഭാവനകൾ നൽകിയത്.

'തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോപുരത്തിന്റെ നവീകരണത്തിനും, മുകളിൽ ഹെലിപാഡോട് കൂടിയ മൾട്ടി ലെവൽ കാർ പാർക്കിങ് സൗകര്യം നിർമ്മിക്കുന്നതിനുമുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (DPR) അനന്ത് അംബാനി അംഗീകരിച്ചു. ഇതിന്റെ ആദ്യ ഗഡുവായി 3 കോടി രൂപ അനുവദിച്ചു. പുരാവസ്തു വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും അനുമതി ലഭിച്ചു. പത്ത് ദിവസത്തിനുള്ളിൽ ജോലി ആരംഭിക്കും'- ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ കെ പി വിനയൻ അറിയിച്ചു.

തിരുവങ്ങാട് ക്ഷേത്രത്തിന് അനന്ത് അംബാനി നൽകിയ 60 ലക്ഷം രൂപ ഉപയോഗിച്ച് ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പ് ഷീറ്റുകൾ പാകി നവീകരിക്കും. പുരാതന വേദ പണ്ഡിത സദസ്സായ 'കടവല്ലൂർ അന്യോന്യത്തിന്' പ്രസിദ്ധമായ കടവല്ലൂർ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെയും വിളക്കുമാടത്തിന്റെയും നവീകരണത്തിനായി 70 ലക്ഷം രൂപ അനുവദിച്ചു. കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടുമായുള്ള ചർച്ചകൾക്ക് ശേഷമാണ് പദ്ധതികൾക്ക് അന്തിമരൂപം നൽകിയത്.

ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ തകർക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന, തൃപ്രങ്ങോട് ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരം, കൂത്തമ്പലം, വിളക്കുമാടം എന്നിവയുടെ പുനർനിർമ്മാണത്തിനായി 4 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 1 കോടി രൂപ അനന്ത് അംബാനി നൽകി. ഒമ്പതാം നൂറ്റാണ്ടിൽ നിർമ്മിച്ച തൃക്കണ്ടിയൂർ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് 60 ലക്ഷം രൂപയും, അരിയന്നൂർ ക്ഷേത്രത്തിലെ കുളം നവീകരിക്കുന്നതിന് 50 ലക്ഷം രൂപയും നൽകി. വള്ളിക്കുന്ന് നിറംകൈതക്കോട്ട ക്ഷേത്രത്തിൽ ശ്രീകോവിൽ നവീകരിക്കുന്നതിനും പൈതൃക കൊത്തുപണികൾ സംരക്ഷിക്കുന്നതിനുമായി 75 ലക്ഷം രൂപ വിനിയോഗിക്കും. പരപ്പനങ്ങാടി നെടുമ്പറമ്പ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡലകാല അന്നദാനത്തിനായി 40 ലക്ഷം രൂപയും അദ്ദേഹം നൽകി.കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് രാജരാജേശ്വര ക്ഷേത്രത്തിൽ അനന്ത് അംബാനി എത്തിയത്. പൊന്നും കുടം, പട്ട് ,താലി, നെയ്യമൃത് തുടങ്ങിയ വഴിപാടുകൾ സമർപ്പിക്കുകയും അശ്വമേധ നമസ്‌കാരം നിർവഹിക്കുകയും ചെയ്തു. അനന്ത് അംബാനിയോടൊപ്പം അടുത്ത സഹപ്രവർത്തകരും ഉണ്ടായിരുന്നു. ക്ഷേത്ര അധികാരികൾ അദ്ദേഹത്തെ പരമ്പരാഗത ബഹുമതികളോടെ സ്വീകരിച്ചു. ടിടികെ ദേവസ്വം പ്രസിഡന്റ് ടി പി വിനോദ്കുമാർ, എക്സിക്യൂട്ടീവ് ഓഫീസർ കെ പി വിനയൻ, മുഖ്യതന്ത്രി ഇപി കുബേരൻ നമ്പൂതിരി, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അതേദിവസം വൈകുന്നേരം 5മണിയോടെയാണ് അനന്ത് അംബാനി ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചത്. വൻതാര മുഖേന മൃഗസംരക്ഷണത്തിലും പരിപാലനത്തിലും ഉള്ള ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമായി, ഗുരുവായൂരിലെ ക്ഷേത്ര ആനകളുടെ ക്ഷേമത്തിനായി വിവിധപദ്ധതികൾക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ഇതിൽ പ്രത്യേക ആനയാശുപത്രി നിർമാണം ,ചങ്ങലകളില്ലാത്ത അഭയകേന്ദ്രം, കൂടാതെ ആനകൾക്ക് ശാസ്ത്രീയ പരിപാലനം ഉറപ്പാക്കുന്ന ആധുനിക സൗകര്യങ്ങൾ വികസിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു.

ഗുരുവായൂരിൽ, ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ഉൾപ്പെടെയുള്ള ക്ഷേത്ര അധികാരികൾ അദ്ദേഹത്തെ സ്വീകരിച്ചു. പരമ്പരാഗത സ്മരണികകളും പ്രസാദവും നൽകി ആദരിച്ചു. ദേവസ്വം വകുപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Next Story
Share it