കീര്‍ത്തിയും ധനവരദാനവും കൈവരുത്തുന്ന അക്ഷയതൃതീയ

മേടമാസത്തിലെ സുപ്രധാന പുണ്യദിനമായ അക്ഷയതൃതീയ വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയയാണ്. ശ്രീശങ്കരാചാര്യർ കനകധാരാസ്തവം ചൊല്ലി ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തി സ്വർണ്ണനെല്ലിക്കകൾ വീഴ്ത്തിയത് അക്ഷയതൃതീയ ദിവസമായിരുന്നു.
ദുരിതം നീങ്ങി ഭാഗ്യം വരും
ലക്ഷ്മീദേവിയെയും മഹാവിഷ്ണുവിനെയും ഈ ദിവസം മുഖ്യമായും ആരാധിക്കണം. വീട്ടിൽ പൂജാമുറിയിൽ നെയ് വിളക്ക് കൊളുത്തി ലക്ഷ്മി, വിഷ്ണു, കുബേര പ്രീതികരമായ മന്ത്രങ്ങൾ ജപിക്കണം. വിഷ്ണുവിന് വെള്ളത്താമരയോ വെള്ള റോസയോ സമർപ്പിച്ച് അക്ഷയതൃതീയ ദിവസം പ്രാർത്ഥിച്ചാൽ നമ്മുടെ മനം നിറയുന്ന തരത്തിൽ ഭാഗ്യവർദ്ധനവ് ഉണ്ടാകും. ലക്ഷ്മി ദേവിക്ക് മുന്നിൽ ചുവന്ന പൂക്കളും കുങ്കുമപ്പട്ടും വച്ച് പ്രാർത്ഥിച്ചാൽ സാമ്പത്തിക ദുരിതം ഒഴിഞ്ഞു പോകും. വിഷ്ണുവിനെയും ലക്ഷ്മിയെയും തുളസിയില അർച്ചിച്ച് പൂജിച്ചാൽ ഐശ്വര്യം ഭാഗ്യവർദ്ധന എന്നിവ ഉണ്ടാകും. ശിവ – പാർവ്വതി ക്ഷേത്രത്തിൽ ഉമാ മഹേശ്വരമന്ത്രാർച്ചന നടത്തിയാൽ കുടുംബത്തിൽ ഐശ്വര്യമുണ്ടാകും. ഈ ദിവസം മനം നിറഞ്ഞ് കൊടുക്കുന്നതെല്ലാം ഇരട്ടിയായി തിരിച്ചു കിട്ടും എന്നാണ് വിശ്വാസം.അക്ഷയതൃതീയ ദാനധർമ്മങ്ങൾക്ക് മാത്രമല്ല എല്ലാ സൽക്കർമ്മങ്ങൾക്കും ശ്രേഷ്ഠമാണ്. തൃതീയ എന്നാൽ ഇവിടെ അർത്ഥം മൂന്നാമത്തെ ചന്ദ്രദിനം എന്നാണ്. അക്ഷയം എന്ന വാക്കിന്റെ അർത്ഥം ക്ഷയം ഇല്ലാത്തത്, ഒരിക്കലും നശിക്കാത്തത് എന്നും. അതിനാൽ ആരാണെങ്കിലും ഈ ദിവസം ചെയ്യുന്ന എന്ത് കർമ്മവും വെറുതെയാകില്ലെന്ന് തന്നെയല്ല അതിന് ഇരട്ടി പുണ്യവും ഉണ്ടാകും. ദാനം, മന്ത്രജപം, പ്രാർത്ഥന എന്നിവ പോലെ തന്നെയാണ് ഈ ദിവസത്തെ പൂജകളുടെയും ഫലം.
അതിനാൽ അക്ഷയതൃതീയയിലെ ദാനങ്ങളുടെയും സൽക്കർമ്മങ്ങളുടെയും ഫലം അത് അനുഷ്ഠിക്കുന്ന ഏതൊരു വ്യക്തിക്കുമൊപ്പം എക്കാലവും നിലനിൽക്കും. അവരുടെ ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവും നിറയും.ഈ ദിവസം പ്രകൃതി പോലും ഐശ്വര്യസമൃദ്ധിയേകാൻ
ഒരുങ്ങി നിൽക്കുന്നതായി ആചാര്യന്മാർ പറയുന്നു. അക്ഷയ തൃതീയ നാൾ സൂര്യൻ അതിന്റെ പൂർണ്ണമായ ചൈതന്യ പ്രഭയിൽ എത്തും. ജ്യോതിഷപ്രകാരം ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്‌ഥാനത്താണ് അന്ന് നിൽക്കുന്നത്. അതിനാൽ എല്ലാം കൊണ്ടും ഉത്തമമായ ഈ ദിവസം ചെയ്യുന്ന ദാനങ്ങളുടെയും കർമ്മങ്ങളുടെയും ഫലം പേരു സൂചിപ്പിക്കും പോലെ അനന്തവുമാകും.അക്ഷയതൃതീയ എന്നാൽ സ്വർണം വാങ്ങാനുള്ള ദിവസം എന്ന ധാരണ ശരിയല്ല. അന്ന് എന്തു വാങ്ങിയാലും എന്ത് കിട്ടിയാലും അത് ഇരട്ടിക്കും. അന്ന് വീട്ടിൽ വന്നു കയറുന്ന ധനവും കൈവിട്ടു പോകില്ലെന്ന് തന്നെയല്ല അതിന്റെ മൂല്യം വർദ്ധിച്ചു കൊണ്ടേയിരിക്കും. വീട്, ഭൂമി വാങ്ങുന്നതിനും ഗൃഹപ്രവേശത്തിനും പുതിയ വാഹനം വാങ്ങുന്നതിനും മാത്രമല്ല എല്ലാ മംഗള കർമ്മങ്ങൾക്കും ഈ ദിനം ശ്രേഷ്ഠമാണ്. വിഷ്ണുപ്രീതി
നേടാൻ മാസം മുഴുവൻ ശ്രേഷ്ഠമായ വൈശാഖത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നാണ് അക്ഷയതൃതീയ.

