Kaumudi Plus

വരയുടെ പരമശിവന്‍, നമ്പൂതിരിയുടെ നൂറ്റാണ്ട്

Artist Namboothiri life

വരയുടെ പരമശിവന്‍, നമ്പൂതിരിയുടെ നൂറ്റാണ്ട്
X


ഹരിദാസ് ബാലകൃഷ്ണന്‍


മാനവികതയും ലാളിത്യവും പ്രസാദാത്മകതയും വരേണ്യതയും ചേര്‍ന്നാല്‍ കെ.എം. വാസുദേവന്‍ നമ്പൂതിരിയായി. വി.കെ. എന്നിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വരയുടെ പരമശിവന്‍. വരയുടെ പരമശിവനാണെങ്കിലും ഗുരുവായ കെ.സി.എസ്. പണിക്കരുടെ ദ്രാവിഡവഴക്കത്തിന്റെ കുറിയ രൂപങ്ങളില്‍ നിന്ന് ആര്യത്വത്തിന്റെ നീണ്ട രൂപങ്ങളുടെ വരേണ്യതയിലേക്ക് മാറുകയായിരുന്നു നമ്പൂതിരി. സൗന്ദര്യാത്മകതയും പ്രസാദാത്മകതയും ചേര്‍ത്തുവച്ചുകൊണ്ട് നമ്പൂതിരി തീര്‍ത്ത രേഖാചിത്രങ്ങള്‍ പുതിയൊരു സൗന്ദര്യ സങ്കല്‍പങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തി. അത് മലയാളി ഏറ്റെടുക്കുകയും ചെയ്തു. ചിത്രകലയുടെ അഥവാ അനാട്ടമിയുടെ സങ്കല്‍പങ്ങളെയെല്ലാം തീര്‍ത്തും അട്ടിമറിച്ചുകൊണ്ട് പരമാവധി വരകളുടെ പരിമിതപ്പെടുത്തലിലൂടെ കഥാപാത്രങ്ങള്‍ക്ക് ഭാവാത്മകമായ ചലനങ്ങള്‍ നമ്പൂതിരി കൊണ്ടുവന്നു.

1925 സെപ്റ്റംബര്‍ 13ന് പരമേശ്വരന്‍ നമ്പൂതിരി-ശ്രീദേവി അന്തര്‍ജനം ദമ്പതികളുടെ മകനായി പൊന്നാനിയിലാണ് വാസുദേവന്‍ നമ്പൂതിരിയുടെ ജനനം. സ്‌കൂളില്‍ പോയിട്ടില്ല. കരുവാട്ട് മനയ്ക്കലെ വീട്ടുമുറ്റമായിരുന്നു വിദ്യാലയം. എഴുത്തിനിരുത്തിയത് അച്ഛനായിരുന്നു. കടലാസില്‍ വരച്ചു തുടങ്ങിയത് പത്താം വയസ്സു മുതല്‍. ആദ്യം വരച്ചത് ശ്രീകൃഷ്ണനെ. എടപ്പാളിനടുത്ത് കുംഭാരന്മാര്‍ മണ്‍പാത്രങ്ങള്‍ ഉണ്ടാക്കിയിരുന്ന സ്ഥലത്തുചെന്ന് മണ്ണു കൊണ്ടുവന്ന് മുഖശില്‍പങ്ങള്‍ ഉണ്ടാക്കി പഠിച്ചു.

പിന്നീട് വൈദ്യവും വൈദികവൃത്തിയും പഠിക്കാന്‍ തൃശൂരിലേക്ക് വന്നു. ബ്രഹ്‌മസ്വം മഠത്തിലും തൈക്കാട്ട് മൂസ്സിന്റെ ഇല്ലത്തും പഠിച്ചു. പിന്നീട് തൃശൂര്‍ സ്‌കൂള്‍ ഒഫ് ആര്‍ട്സില്‍ ചിത്രകലാ വിദ്യാര്‍ഥിയായി. അവിടത്തെ ചിത്രംവര പഠനത്തില്‍ താല്‍പര്യം തോന്നിയില്ല. പിന്നീട് മദ്രാസ് സ്‌കൂള്‍ ഒഫ് ആര്‍ട്സില്‍ ചേര്‍ന്നു. മൂന്നു കൊല്ലം കൊണ്ട് കോഴ്സ് കഴിഞ്ഞു. മദ്രാസിലെ പഠനം പൂര്‍ത്തിയാക്കി പൊന്നാനിയില്‍ മടങ്ങിയെത്തി. 1960ല്‍ 'മാതൃഭൂമി'യില്‍ ചേര്‍ന്നു. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചു. അതിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 'മാതൃഭൂമി' വിട്ടതിനുശേഷം 'കലാകൗമുദി'യിലും 'മലയാളം വാരിക'യിലും ജോലി ചെയ്തു. കേരള ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നു. 1995ല്‍ അക്കാദമി ഫെലോഷിപ് നല്‍കി ആദരിച്ചു.

സാത്വികമാണ് ഏതു കലയുടെയും ആത്മാവെന്ന് വിശ്വസിച്ചിരുന്ന നമ്പൂതിരി തമോഗുണങ്ങളെ അവഗണിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. മാതൃഭൂമിയില്‍ വരയ്ക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ സ്ത്രീചിത്രങ്ങളെല്ലാം ഭംഗിയുള്ളതായിക്കൊള്ളട്ടെയെന്ന വി.എം.നായരുടെ നിര്‍ദ്ദേശം നമ്പൂതിരി ശിരസ്സാ വഹിക്കുകയും ചെയ്തു. ഇവിടെ കലാകാരന്റെ സ്വാതന്ത്ര്യം പത്രാധിപരുടെ ആഗ്രഹത്തിനൊത്ത് വഴിമാറുകയും ചെയ്തു. എങ്കിലും രേഖാചിത്രകലയില്‍ വലിയ സ്വാതന്ത്ര്യം നമ്പൂതിരിയെടുത്തിട്ടുണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. താന്‍ ജീവിച്ചുവളര്‍ന്ന നമ്പൂതിരി ജീവിതങ്ങളുടെയും അതില്‍ പ്രത്യക്ഷപ്പെട്ട മനുഷ്യരുടെയും ലാളിത്യവും പ്രസാദാത്മകതയും നമ്പൂതിരിയില്‍ സംക്രമിക്കുകയും ചെയ്തു. ഭാസ്‌കരന്റെയും എം.വി. ദേവന്റെയും കെ.സി.എസിന്റെയും ചിത്രകലാ പാരമ്പര്യം പിന്തുടര്‍ന്ന നമ്പൂതിരി ആ പാരമ്പര്യത്തിന് മാനവികതയും ലാളിത്യവും സാന്ദര്യാത്മകതയും നല്‍കി രേഖാചിത്രകലയെ പരിപോഷിപ്പിക്കുകയും ചെയ്തു. സാഹിത്യഭാഷയെ ചിത്രഭാഷയായി പുനഃസൃഷ്ടിച്ചപ്പോള്‍ കഥാപാത്രങ്ങള്‍ക്ക് പുതിയൊരു ഭാവാത്മകതയും സൗന്ദര്യാത്മകതയും കൈവന്നു. നമ്പൂതിരിയുടെ വര കാണാന്‍ മാത്രം താനൊരു നോവല്‍ എഴുതിയെന്നാണ് അനന്തരം എന്ന നോവല്‍ എഴുതിക്കൊണ്ട് വി.കെ.എന്‍. അഭിപ്രായപ്പെട്ടത്. ഒരു കഥാപാത്രത്തിന് വേണ്ടി വരയ്ക്കുമ്പോള്‍ ആ കഥാപാത്രം കഥാകാരന്റെ വഴിയിലൂടെയും ചിത്രം ചിത്രകാരന്റെ വഴിയിലൂടെയും സ്വതന്ത്രമായി സഞ്ചരിക്കുകയും ആസ്വാദനതലത്തില്‍ വച്ച് അത് പരസ്പരപൂരകമായി ലയിക്കുകയും ചെയ്തു. രണ്ട് നദികള്‍ ഒഴുകിവന്ന് ഒന്നായി സംഗമിക്കുന്നത് പോലെ. സ്ത്രീചിത്രീകരണത്തില്‍ സ്ത്രീകളുടെ അവയവങ്ങളെ മാംസളമായി ചിത്രീകരിച്ചുകൊണ്ട് ഒരു ലൈംഗികദൃശ്യസംസ്‌കാരത്തിലേക്ക് രേഖാചിത്രങ്ങളെ നമ്പൂതിരി കൊണ്ടുവന്നു. അത് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമായപ്പോള്‍ കാണുന്നവന്റെ കണ്ണിലാണ് അശ്ലീലമെന്ന് തുറന്നടിക്കാനും നമ്പൂതിരി മടിച്ചില്ല. 1940 കളില്‍ ആരംഭിച്ച് 50കളിലും 60കളിലും 70കളിലും വളര്‍ന്നുവന്ന രേഖാചിത്രകലയ്ക്ക് നമ്പൂതിരിയുടെ സംഭാവന നിസ്തുലമാണ്. ഇന്ന് രേഖാചിത്രകലയുടെ മേല്‍വിലാസം തന്നെ മലയാളത്തില്‍ നമ്പൂതിരിയായിത്തീര്‍ന്നിട്ടുണ്ട്.

നമ്പൂതിരി ഫലിതത്തിന്റെ തുടര്‍ച്ചകളെ തന്റെ രേഖാചിത്രങ്ങളിലൂടെ നമ്പൂതിരി

അടയാളപ്പെടുത്തുന്നുണ്ട്. അതിനെ കുറിച്ച് നമ്പൂതിരി തന്നെ പറഞ്ഞത് ഇങ്ങനെയാണ്.

''നമ്പൂതിരിമാര്‍ വെറുതെയിരിക്കുമ്പോഴും നില്‍ക്കുമ്പോഴും അവരുടെ അംഗവിക്ഷേപങ്ങളും ഭാവവാഹാദികളും എല്ലാം കൂടി ഒരു നര്‍മ്മാന്തരീക്ഷം സൃഷ്ടിക്കുന്നു.'' ആ നര്‍മ്മാന്തരീക്ഷം തന്റെ രേഖാചിത്രങ്ങളിലൂടെ സൂക്ഷ്മമായി വരച്ചുചേര്‍ക്കാന്‍ നമ്പൂതിരിക്ക് കഴിഞ്ഞു. ആനയും ക്ഷേത്രവും പൂരവുമൊക്കെ നമ്പൂതിരി തന്റെ വരകളിലൂടെ അസാമാന്യ പ്രസാദാത്മകത്തോടെ പുനഃസൃഷ്ടിച്ചു. അത് മലയാളിക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു.

നമ്പൂതിരി ചിത്രങ്ങള്‍ രേഖീയമായ ഒരു കാവ്യാത്മകത സൃഷ്ടിക്കുന്നതില്‍ വിജയിക്കുകയും ആ കാവ്യാത്മകത സൗന്ദര്യസങ്കല്‍പങ്ങളെ ആര്യവല്‍ക്കരിക്കുകയും ചെയ്തു. സൗന്ദര്യമുള്ള രൂപങ്ങളോട് മനുഷ്യന് ആഭിമുഖ്യം തോന്നുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ ഭൂരിഭാഗം മനുഷ്യരെയും ആകര്‍ഷിക്കുകയും ചെയ്തു. മാതൃഭൂമിയിലെ എഴുത്തുകാരുടെ കഥാപാത്രങ്ങള്‍ക്ക് രേഖാചിത്രങ്ങള്‍ വരയ്ക്കുകയെന്ന തന്റെ ദൗത്യം ഏറ്റെടുത്ത നമ്പൂതിരിക്ക് ആദ്യമൊന്നും വിജയിക്കാനായില്ല. അത് അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, നിരന്തരമായ ധ്യാനാത്മകതയിലൂടെ നമ്പൂതിരിക്ക് അതിനെയൊക്കെ മറികടന്ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച നോവലുകള്‍ക്കും ചെറുകഥകള്‍ക്കും നോവലെറ്റുകള്‍ക്കും ഫീച്ചറുകള്‍ക്കും കവിതയ്ക്കും നീണ്ടകഥകള്‍ക്കുമെല്ലാം രേഖാചിത്രങ്ങള്‍കൊണ്ട് പുതിയൊരു കാവ്യാത്മകത സൃഷ്ടിക്കാന്‍ കഴിഞ്ഞു.

തിരശ്ചീനവും ലംബവുമായ വരകള്‍ കൊണ്ട് നമ്പൂതിരി സൃഷ്ടിച്ച രേഖാചിത്രങ്ങള്‍ പുതിയൊരു സംവേദനക്ഷമത സൃഷ്ടിച്ചു. വരച്ചതുവരെ വരയാവുകയും വരയ്ക്കാത്തതും വരയായിത്തീരുകയും ചെയ്തു നമ്പൂതിരിയുടെ പ്രതിഭയ്ക്ക് മുന്നില്‍. മിതമായ രേഖാപ്രയോഗവും ചടുലമായ സന്നിവേശവും കാവ്യാത്മകമായ പ്രകാശനവിദ്യയും നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ക്ക് കരുത്തുപകര്‍ന്നു. സാഹിത്യകൃതികളിലെ ഇമേജുകളും മിത്തുകളും സങ്കല്‍പങ്ങളും ഫാന്റസിയും യാഥാര്‍ത്ഥ്യവും വരിയ്ക്കിടയിലെ മൗനവുമെല്ലാം എഴുത്തുകാരന്‍ വിചാരിച്ചതിലും ഭംഗിയായി സൃഷ്ടിക്കാന്‍ നമ്പൂതിരിക്ക് കഴിഞ്ഞു. നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ ശ്ലീലാശ്ലീലങ്ങളുടെ ലക്ഷ്മണരേഖകള്‍ കടന്ന് പുതിയ ആസ്വാദനതലത്തിലേക്ക് വളരുകയും ചെയ്തു.

വി.കെ.എന്നിന് വേണ്ടി വരയ്ക്കുമ്പോഴാണ് നമ്പൂതിരിയുടെ പ്രതിഭ അതിന്റെ ഉത്തുംഗശൃംഗത്തിലേക്ക് ചെന്നെത്തിയത്. അതുകൊണ്ട് തന്നെ നമ്പൂതിരിയ്ക്ക് വരയുടെ പരമശിവനെന്ന സര്‍ട്ടിഫിക്കറ്റ് കൊടുക്കാനും വി.കെ.എന്‍ മടിച്ചില്ല. വി.കെ.എന്ന് വേണ്ടി വരയ്ക്കുമ്പോള്‍ നമ്പൂതിരിയുടെ പ്രതിഭ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. രേഖകളുടെ പ്രാചീനസ്വഭാവവും അതിന്റെ നവീനഭാവവും ഉള്‍ക്കൊണ്ട് വരയ്ക്കാന്‍ നമ്പൂതിരിക്ക് കഴിയുന്നു. അതുകൊണ്ട് രണ്ട് കാലഘട്ടങ്ങളിലെ ജീവിതമുഹൂര്‍ത്തങ്ങളെ കൂട്ടിയോജിപ്പിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

തന്റെ രേഖാചിത്രങ്ങള്‍ ഉരുത്തിരിഞ്ഞ് വന്നത് ഭാസ്‌കരനിലും ദേവനിലും കെ.സി.എസ്. പണിക്കരിലും നിന്നാണെന്ന് നമ്പൂതിരി തന്നെ സാക്ഷ്യയപ്പെടുത്തിയിട്ടുണ്ട്. അവര്‍ തുടങ്ങിവച്ച പാതയിലൂടെ സഞ്ചരിച്ച് തന്റേതായ ഒരു പാത കണ്ടെത്തുകയും അതിലൂടെ സധൈര്യം നടക്കുകയും ചെയ്തു നമ്പൂതിരി. എം.ടി.യുടെ രണ്ടാമൂഴത്തിന് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ ശ്രദ്ധേയമായി. ഇതിഹാസകാലത്തിലെ ഭീമനെ നമ്പൂതിരി പുന:സൃഷ്ടിച്ചപ്പോല്‍ അത് മലയാളികള്‍ ഹൃദയത്തില്‍ ചേര്‍ത്തുവച്ചു. മാരാര്‍ക്കും വി.കെ.എന്നും ഒ.എന്‍.വി. കുറുപ്പിനും വേണ്ടി നമ്പൂതിരി വരയ്ക്കുമ്പോള്‍ അവരുടെ കഥാപാത്രങ്ങളുടെ മിഴിവും സൗന്ദര്യവും പ്രസാദാത്മകത്വവും ഇരട്ടിക്കുന്നു. നമ്പൂതിരി ജീവിതത്തിന്റെ നിരവധി മുഹൂര്‍ത്തങ്ങള്‍ സമാനതകളില്ലാത്തവണ്ണം നമ്പൂതിരി തന്റെ രേഖാചിത്രങ്ങളില്‍ വരച്ചുതീര്‍ത്തിട്ടുണ്ട്. നമ്പൂതിയുട നിത്യജീവിതം തന്നെ ഫലിതരസത്തില്‍ ആണ്ടുകിടക്കുന്നതാണ്. ആ ഫലിതരസത്തെ തന്റെ വരകളിലൂടെ ആവാഹിക്കാന്‍ നമ്പൂതിരിക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ നമ്പൂതിരി കഥാപാത്രങ്ങളെ വരയ്ക്കുമ്പോള്‍ ആ കഥാപാത്രങ്ങളില്‍ നന്ന് പുറപ്പെടുന്ന ചിരിയും ചിന്തയും നമുക്ക് അനുഭവിക്കാന്‍ കഴിയും.

എഴുത്തുകാരുടെ കൃതികളിലെ കഥാപാത്രങ്ങളുടെ ജീവിതമുഹൂര്‍ത്തങ്ങളെ ചിത്രീകരിക്കുമ്പോള്‍ തന്റേതായ മനോധര്‍മ്മവും ഭാവപൊലിമയും ചേര്‍ത്തുവച്ചുകൊണ്ട് വ്യക്തിത്വമാര്‍ന്ന ചിത്രനിര്‍മ്മിതിയില്‍ നമ്പൂതിരി വിജയിക്കുകയും ചെയ്തു. അവിടെ വരയുടെ നിയമങ്ങളെ ധിക്കരിക്കാനും നമ്പൂതിരിക്ക് സാധിച്ചു. വരയുടെ ഫ്രെയിമുകളില്‍ നിന്ന് ഇറങ്ങിപ്പോകാനും തന്റേതായ ഒരു ലാന്‍ഡ്‌സ്‌കെപ്പ് സൃഷ്ടിക്കാനും നമ്പൂതിരിക്ക് സാധിച്ചു.

രേഖകള്‍ കൊണ്ട് അമൂര്‍ത്തരൂപങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് നമ്പൂതിരി ഉറച്ച് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ ദൃശ്യരൂപങ്ങളെയും മൂര്‍ത്തമായി കാണുകയാണ് നമ്പൂതിരി ചെയ്യുന്നത്. അവിടെ വര്‍ണ്ണമത്ര പ്രാധാന്യമുള്ളതല്ലെന്നും ഫോമാണ് അതിന്റെ ആത്മാവെന്നും നമ്പൂതിരി തിരിച്ചറിയുന്നു. ഫോമിന്റെ ആവിഷ്‌കാരമാണ് നമ്പൂതിരിയുടെ രേഖാചിത്രകല. ഒരിക്കല്‍ നമ്പൂതിരിയുടെ രേഖാചിത്രങ്ങളെ കുറിച്ച് വി.എം. നായര്‍ പറഞ്ഞത് സാഹിത്യകാരന്‍ വിരൂപിയാക്കിയ പെണ്ണിനെ നമ്പൂതിരി സുന്ദരിയാക്കിയെന്നാണ്. അതിനര്‍ത്ഥം കഥാപാത്രത്തിന്റെ സ്വഭാവവൈരൂപ്യവും ചിത്രകാരന്‍ വരച്ചുണ്ടാക്കുന്ന വൈരൂപ്യവും രണ്ടാണ്. എന്തൊക്കെ പറഞ്ഞാലും സാഹിത്യകാരനും ചിത്രകാരനും രണ്ട് വ്യക്തിത്വങ്ങളാണ്. അതുകൊണ്ട് തന്നെ വ്യക്തിത്വങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. പക്ഷേ ആ സംഘട്ടനങ്ങളെ സമന്വയിപ്പിക്കാനുള്ള പ്രതിഭ, അതാണ് പ്രധാനം. അത് നമ്പൂതിരിക്ക് ആവോളമുണ്ടെന്ന് അദ്ദേഹത്തിന്റെ രേഖാചിത്രങ്ങള്‍ തെളിയിക്കുന്നു. അതുകൊണ്ടാണ് എഴുത്തുകാരന്‍ വികൃതമാക്കിയ പെണ്ണിനെ നമ്പൂതിരിക്ക് സുന്ദരിയാക്കി വരയ്ക്കാന്‍ കഴിയുന്നത്.

നമ്പൂതിരി ജനിച്ചിട്ട് ഒരു നൂറ്റാണ്ടാകുമ്പോള്‍ അദ്ദേഹം സമ്മാനിച്ച രേഖാചിത്രങ്ങള്‍ ഇന്നും നമ്മുടെ ആസ്വാദനതലങ്ങളെ ത്രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. രേഖാചിത്രകലയുടെ ചരിത്രത്തില്‍ നമ്പൂതിരി ഒരു പ്രകാശഗോപുരം പോലെ നില്‍ക്കുന്നു. കല മനുഷ്യത്വത്തിന്റെ മാറ്റേറിയ ചിത്രം തന്നെയാണെന്നും കലാകാരന്‍ തേടുന്നത് മാനവികതയുടെ വര്‍ണ്ണം തന്നെയാണെന്നും നമ്പൂതിരി തന്റേ രേഖാചിത്രങ്ങളിലൂടെ ഉദ്‌ഘോഷിക്കുന്നു. ഭാരതീയവും കേരളീയവുമായ ലാവണ്യദര്‍ശനങ്ങളെ, നവരസങ്ങളെ ലാളിത്യതയോടെ പ്രസാദാത്മകമായി നമ്പൂതിരിയെപ്പോലെ ചിത്രീകരിച്ച ഒരു ചിത്രകാരന്‍ നമുക്കില്ല. അതുകൊണ്ട് തന്നെ നമ്പൂതിരിക്ക് പകരക്കാരില്ല.

Next Story
Share it