ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാന്‍;മൂന്നര പതിറ്റാണ്ടിന് ശേഷം സഭയ്ക്ക് ഉപാധ്യക്ഷ

By :  Devina Das
Update: 2026-06-02 04:52 GMT

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായി കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. 99 വോട്ടാണ് ഷാനിമോൾക്ക് ലഭിച്ചത്. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഐയിലെ മുഹമ്മദ് മുഹ്‌സിന് 34 വോട്ടു ലഭിച്ചു.സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വോട്ടു ചെയ്തില്ല.

മൂന്ന് ബിജെപി അംഗങ്ങളും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. 35 വർഷത്തിന് ശേഷമാണ് കേരള നിയമസഭയിൽ ഒരു വനിത ഡെപ്യൂട്ടി സ്പീക്കറാകുന്നത്. കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ കൂടിയാണ് ഷാനിമോൾ.അരൂരിൽ നിന്നുള്ള നിയമസഭാംഗമാണ് ഷാനിമോൾ ഉസ്മാൻ. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റ് അംഗം, എഐസിസി സെക്രട്ടറി, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

Similar News