വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ കുഞ്ഞ് 'ബാധ്യത';നെഞ്ചിൽ ചവിട്ടി, ഏഴ് വാരിയെല്ലുകൾതകർന്നു ,അർഷിദ് നേരിട്ടത് കൊടും മർദ്ദനം

By :  Devina Das
Update: 2026-06-02 05:15 GMT

തിരുവനന്തപുരം: പനവൂർ കരിക്കുഴിയിൽ കൊല്ലപ്പെട്ട ഒന്നര വയസുകാരൻ അർഷിദിന്റെ മരണ കാരണം രണ്ടാനച്ഛനായ അഷ്‌കറിൽ നിന്ന് നെഞ്ചിലേറ്റ ചവിട്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അഷ്‌കറിന്റെ ചവിട്ടിൽ അർഷിദിന്റെ ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞു. ഇതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് ഉണ്ടായ പരിക്കാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.തലയ്ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീർക്കെട്ടുണ്ടാക്കിയെന്നും കോടതിയിൽ പൊലീസ് അറിയിച്ചു. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടെന്നാണ് വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. കൊലപാതകത്തിൽ അമ്മ അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ കുഞ്ഞ് ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് അഷ്‌കർ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കുഞ്ഞിനെ കൊല്ലാൻ അഷ്‌കർ ഒരു മാസത്തോളം ആസൂത്രണം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ ഭാഗമായി കുഞ്ഞ് കൊല്ലപ്പെടുന്നതിന് മുൻപും നിരവധി തവണ ക്രൂരമായി ഉപദ്രവിച്ചതായും പൊലീസ് പറയുന്നു.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ചോറ് കഴിക്കുന്നതിനിടയിൽ ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. ഇതിന് പുറമേ കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളിയതും അടിച്ചതും അടക്കം നൂറോളം വലുതും ചെറുതുമായ പരിക്കുകൾ ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പകുതിയും പഴയ മുറിവുകളായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ അഷ്‌കർ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ കുഞ്ഞിനെ അഷ്‌കർ മർദ്ദിച്ചിരുന്നതായി അഖിലയും സമ്മതിച്ചിരുന്നു.

Similar News