സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം;ഒൻപതിൽനിന്ന് നാലായി ചുരുക്കി

ന്യൂഡൽഹി:പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പ്രകാരം ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കേന്ദ്രസർക്കാർ ഒമ്പതിൽ നിന്ന് നാലായി വെട്ടിക്കുറച്ചു. 14.2 കിലോയുടെ സിലിണ്ടറിന് 300 രൂപയുടെ സബ്സിഡിയാണ് നൽകുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ പ്രശ്നങ്ങളും, ആഗോള വിപണിയിലെ ദ്രവീകൃത പെട്രോളിയം ഗ്യാസ് രംഗത്തെ കുത്തനെയുള്ള വില വർധനവുമാണ്, സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച നടപടിക്ക് കാരണമെന്നാണ് കേന്ദ്രസർക്കാർ സൂചിപ്പിക്കുന്നത്.
പുതിയ തീരുമാനപ്രകാരം, PMUY ഗുണഭോക്താക്കൾക്ക് ആദ്യത്തെ നാല് റീഫില്ലുകൾക്ക് പ്രതിവർഷം സിലിണ്ടറിന് 642 രൂപയായിരിക്കുമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി പ്രവീൺ ഖനൂജ പറഞ്ഞു. ഇത് LPG യുടെ യഥാർത്ഥ അന്താരാഷ്ട്ര വിലയേക്കാൾ ഏകദേശം 60% കിഴിവാണ്. PMUY അല്ലാത്ത ഉപഭോക്താക്കൾക്ക്, 942 രൂപയാണ് ചില്ലറ വിൽപ്പന വിലയെന്നും ഖനൂജ വ്യക്തമാക്കി.2016 മെയ് മാസത്തിൽ ആരംഭിച്ച ഫ്ലാഗ്ഷിപ്പ് പദ്ധതി പ്രകാരം, ഗുണഭോക്താക്കൾക്ക് തുടക്കത്തിൽ പ്രതിവർഷം 14.2 കിലോഗ്രാം സബ്സിഡിയുള്ള 12 എൽപിജി സിലിണ്ടറുകൾക്ക് അർഹതയുണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് ക്വാട്ട ഒമ്പത് സിലിണ്ടറുകളായി കുറച്ചത്.

