Kaumudi Plus

"ചിരിപ്പിച്ചു ...കണ്ണുനിറയുവോളം.." സലിംകുമാറിന് വിടനൽകി കേരളം

ചിരിപ്പിച്ചു ...കണ്ണുനിറയുവോളം.. സലിംകുമാറിന് വിടനൽകി  കേരളം
X

കൊച്ചി: മനുഷ്യരെ ഒരേ പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യപ്രതിഭ സലിംകുമാറിന് വിടചൊല്ലി കേരളം. നിറഞ്ഞ കണ്ണുകളുമായി നിന്ന ആയിരങ്ങളെ സാക്ഷിനിർത്തി വീടായ ലാഫിങ് വില്ലയിൽ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത് . മക്കളായ ചന്തുവും ആരോമലുമാണ് ചിതയ്ക്ക് തീകൊളുത്തിയത്.

വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ലാഫിങ് വില്ല സാക്ഷിയായത്. മുഖ്യമന്ത്രി വി ഡി സതീശൻ അടക്കം രാഷ്ട്രീയ മേഖലയിലെയും സിനിമാ രംഗത്തെയും നിരവധി പ്രമുഖർ ഹൃദയത്തിൽ നർമ്മം സൂക്ഷിച്ച സലിംകുമാറിനെ ഒരുനോക്ക് കാണാൻ ഒഴുകിയെത്തി. മഴത്തുള്ളികൾ പോലെ എല്ലാവരും ഈറനണിഞ്ഞു.നടൻ സലിംകുമാറിന്റെ മൃതദേഹം പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് ലാഫിങ് വില്ലയിൽ എത്തിച്ചത്. അവിടേക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നാട് ഒന്നടങ്കം പറവൂരിലേക്ക് വരുന്ന കാഴ്ചയാണ് ദൃശ്യമായത്. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് ടൗൺഹാളിൽ എത്തിച്ചത്. ടൗൺ ഹാളിലെ പൊതുദർശനത്തിനൊടുവിൽ കോൺഗ്രസ് പതാക പുതപ്പിച്ചാണ് സലീം കുമാറിനെ ആംബുലൻസിലേക്ക് കയറ്റിയത്. തുടർന്നാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം, രമേശ് പിഷാരടി, നവ്യനായർ എന്നവരെല്ലാം സലിംകുമാറിന് അന്തിമോപചാരമർപ്പിക്കാനെത്തി. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള സിനിമാ മേഖലയിലെ പ്രമുഖർ സലിംകുമാറിനെ സോഷ്യൽ മീഡിയയിലൂടെ അനുസ്മരിച്ചു. തീരാത്ത സങ്കടമാണ് സലിംകുമാറിന്റെ വിയോഗമെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമക്ക് അകത്തും പുറത്തും നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാറെന്ന് മോഹൻലാലും അനുസ്മരിച്ചു. നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനെയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശനും മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലീം കുമാറിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും അനുസ്മരിച്ചു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾക്ക് അർഹനായി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്‌കാരത്തിന് അർഹനായി. 2013 ൽ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കി.എറണാകുളം ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബർ 10 നായിരുന്നു സലിംകുമാറിന്റെ ജനനം.

Next Story
Share it