Kaumudi Plus

ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി

ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി
X

വാഷിങ്ടൺ: വിദ​ഗ്ധരായ വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസകൾക്ക് അധിക ഫീസ് ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കായുള്ള പുതിയ എച്ച്-1ബി വിസകൾക്ക് ഫീസ് കുത്തനെ കൂട്ടാനുള്ള ട്രംപിന്റെ തീരുമാനം യുഎസ് കോടതി റദ്ദാക്കി. ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ലിയോ സോറോക്കിൻ, കുത്തനെയുള്ള ഫീസ് വർധന നിയമവിരുദ്ധമാണെന്ന് വിധി പ്രസ്താവിച്ചു.കുടിയേറ്റ നിയന്ത്രണ നയങ്ങളുടെ ഭാഗമായി 1,00,000 ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ആണ് പ്രസിഡന്റ് ട്രംപ് ഫീസായി നിശ്ചയിച്ചത്. ഇത്രയും വലിയ തുക ഫീസായി ഈടാക്കാൻ ഭരണകൂടത്തിന് നിയമപരമായ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. 20 ഡെമോക്രാറ്റിക് സ്റ്റേറ്റുകളിലെ അറ്റോർണി ജനറൽമാർ സംയുക്തമായി നൽകിയ ഹർജിയിലാണ് കോടതി ഈ നിർണായക വിധി പ്രസ്താവിച്ചത്.

കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ഈ ഭീമമായ ഫീസ് വർധന പ്രഖ്യാപിച്ചിരുന്നത്. യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെയാണ് ഫീസ് വർധിപ്പിച്ചതെന്നും ഇത് പ്രസിഡന്റിന്റെ അധികാര പരിധിക്ക് അപ്പുറത്താണെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല ഇത്തരമൊരു വർധന വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന പൊതുമേഖലകളെ ദോഷകരമായി ബാധിക്കുമെന്നും കോടതി വിലയിരുത്തി.വിദേശ തൊഴിലാളികളെ നിയമിക്കുന്നത് അമേരിക്കൻ കമ്പനികൾക്ക് അസാധ്യമാക്കുന്ന തരത്തിലാണ് ഈ ഫീസ് വർധനയെന്നും കോടതി ചൂണ്ടിക്കാട്ടി. അമേരിക്കൻ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന എച്ച്-1ബി വിസ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്. പ്രതിവർഷം അനുവദിക്കുന്ന എച്ച്-1ബി വിസകളിൽ 70 ശതമാനത്തിലധികവും നേടുന്നത് ഇന്ത്യൻ ഐടി പ്രൊഫഷണലുകളാണ്. അതിനാൽ കോടതി വിധി ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്കും ഐടി കമ്പനികൾക്കും ആശ്വാസകരമാണ്.

Next Story
Share it