അദാനിയെ കൊണ്ടുവന്നത് കോൺഗ്രസ് അല്ലെ ?ഉമ്മൻചാണ്ടിയെന്ന് ജോൺ ബ്രിട്ടാസ്; ഇന്ത്യ സഖ്യ യോഗത്തിൽ വാക്‌പോര്
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ്സമയത്ത് രാഹുൽഗാന്ധി ഉന്നയിച്ച 'സിപിഎം-ബിജെപി ഡീൽ' അടക്കമുള്ള ആരോപണങ്ങളിൽ കടുത്ത അതൃപ്തി അറിയിച്ച് സിപിഎം.ഇന്ത്യ സഖ്യ യോഗത്തിൽആണ് ഇത്തരത്തിൽ വിമർശനം ഉന്നയിച്ചത് . യോഗത്തിൽ പങ്കെടുത്ത ജോൺ ബ്രിട്ടാസ് എംപിയാണ്, 'ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി' തുടങ്ങിയ രാഹുലിൻറെ പരാമർശങ്ങളെ വിമർശിച്ചത്. ഇതിനു രാഹുൽ ഗാന്ധി നൽകിയ മറുപടി ഇരു നേതാക്കളും തമ്മിലുള്ള വാക് പോരിനും ഇടയാക്കി.
ജോൺ ബ്രിട്ടാസിൻറെ വിമർശനങ്ങളെ ഇന്ത്യ മുന്നണി യോഗത്തിൽ പങ്കെടുത്ത സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും പിന്തുണച്ചിരുന്നു. എന്നാൽ താൻ സംസാരിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് എന്നാണ് രാഹുൽ ഗാന്ധി മറുപടി നൽകിയത്. തുടർന്ന് അദാനിയിലേക്കും എത്തുകയായിരുന്നു.അദാനി ഗ്രൂപ്പിന് കേരളത്തിൽ തുറമുഖ പദ്ധതി അനുവദിക്കാനുള്ള ഇടതു സർക്കാരിന്റെ തീരുമാനം, 'ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി' തീർന്നതിന് തെളിവാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ ഈ പ്രസ്താവനയെ എതിർത്ത ജോൺ ബ്രിട്ടാസ്, വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനി പോർട്ട്‌സിനെ കൊണ്ടു വന്നത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരാണെന്ന് ചൂണ്ടിക്കാട്ടി. ആദ്യം കരാർ ഉണ്ടാക്കിയത് കോൺഗ്രസ് സർക്കാരാണെന്നാണ് ബ്രിട്ടാസ് വ്യക്തമാക്കിയത്.
ബിജെപിയും സിപിഎമ്മും തമ്മിൽ ഡീൽ ഉണ്ടെന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയുടേയും രാഹുൽ ഗാന്ധിയുടേയും പ്രസ്താവനകളെയും ജോൺ ബ്രിട്ടാസ് വിമർശിച്ചു. രാഹുലും ഖാർഗേയും പോലുള്ള നേതാക്കൾ ഇത്തരം ആരോപണം ഉന്നയിച്ചാൽ ഇന്ത്യ മുന്നണിയുടെ പ്രസക്തി തന്നെയാണ് നഷ്ടപ്പെടുകയെന്നും ബ്രിട്ടാസ് പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത പാർട്ടിയാണ് സിപിഎമ്മെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.