പാതി കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞുകർണാടക മുഖ്യമന്ത്രി;പിന്നാലെ വിവാദം

By :  Devina Das
Update: 2026-06-09 11:54 GMT

ബെംഗളൂരു: പൊതുചടങ്ങിൽ വെച്ച് ആപ്പിളുകൾ കടിച്ച ശേഷം അണികൾക്ക് നേരെ എറിഞ്ഞുകർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ .ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമായിരിക്കുകയാണ് . മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ കനകപുരയിലെ ഹൊരഹള്ളി ഗ്രാമത്തിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം . വിഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ ജനങ്ങൾ ചേരിതിരിഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.ഹരോഹള്ളിയിൽ എത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിനായി വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്. സ്വീകരണത്തിന്റെ ഭാഗമായി പ്രാദേശിക ഭാരവാഹികളും നാട്ടുകാരും ചേർന്ന് പുഷ്പങ്ങളും പുതിയ ആപ്പിളുകളും കോർത്ത കൂറ്റൻ 'ഗജമാല'യും നൽകി അദ്ദേഹത്തെ വരവേറ്റു. ഇതിനിടെ ഡികെ ശിവകുമാർ ഈ മാലയിൽ നിന്നും ഒരു ആപ്പിൾ പറിച്ചെടുക്കുകയും കടിച്ച ശേഷം ബാക്കി വന്ന ആപ്പിൾ താഴെ തടിച്ചുകൂടിയിരുന്ന അണികൾക്ക് നേരെ എറിഞ്ഞു നൽകുകയായിരുന്നു.

ഇതേ രീതിയിൽ മാലയിൽ നിന്നും മറ്റൊരു ആപ്പിൾ കൂടി പറിച്ചെടുത്ത് കടിച്ച ശേഷം അദ്ദേഹം വീണ്ടും ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു. താഴെ നിന്ന അണികൾ വലിയ ആവേശത്തോടെയാണ് ഈ ആപ്പിളുകൾ കൈക്കലാക്കാൻ ശ്രമിച്ചത്.വിഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഒരു വിഭാഗം ഉയർത്തുന്നത്. പൊതുവേദിയിൽ വെച്ച് ഒരാൾ പകുതി കഴിച്ച ഭക്ഷണം ജനങ്ങൾക്ക് നേരെ എറിയുന്നത് മോശം സന്ദേശമാണ് നൽകുന്നതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. "ഡിക. ശിവകുമാർ സ്വയം ഒരു ദൈവമാണെന്ന് കരുതുന്നുണ്ടോ? ആപ്പിൾ കടിച്ച ശേഷം അത് 'പ്രസാദം' പോലെ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നത് എന്ത് ലോജിക്കാണ്?" എന്ന് ഒരു സാമൂഹിക മാധ്യമ ഉപയോക്താവ് കുറിച്ചു. പ്രതിപക്ഷമായ ബിജെപിഈ വിഷയം ഏറ്റെടുത്ത് മുഖ്യമന്ത്രിക്കെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഒരാൾ തന്റെ അധികാരത്തിന്റെ അഹങ്കാരമാണ് ഇതിലൂടെ കാണിക്കുന്നതെന്നും, പൊതുവേദികളിലെ പെരുമാറ്റച്ചട്ടങ്ങളെ ഇത് ചോദ്യം ചെയ്യുന്നുവെന്നും ബിജെപി ആരോപിച്ചു.എന്നാൽ, മുഖ്യമന്ത്രിയെ പിന്തുണച്ചുകൊണ്ട് അണികളും ഒരു വിഭാഗം ആളുകളും രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവത്തെ രാഷ്ട്രീയ എതിരാളികൾ അനാവശ്യമായി വലുതാക്കി കാണിക്കുകയാണെന്നാണ് ഇവരുടെ വാദം. ജനങ്ങളുമായി അദ്ദേഹം നടത്തുന്ന തികച്ചും സ്വാഭാവികവും അനൗപചാരികവുമായ ഒരു ഇടപെടൽ മാത്രമാണിത്. അണികളോടുള്ള സ്നേഹപ്രകടനത്തിന്റെ ഭാഗമായാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും ഇതിൽ മറ്റ് അർത്ഥങ്ങൾ കാണേണ്ടതില്ലെന്നും പിന്തുണയ്ക്കുന്നവർ വ്യക്തമാക്കുന്നു.

Similar News