ഹെലികോപ്റ്റർ കരാർ വ്യക്തിപരമായി തുടരാൻ താത്പര്യമില്ല;സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പൊലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസിനായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ തുടരണമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വ്യക്തിപരമായി തനിക്ക് കരാർ തുടരാൻ താത്പര്യമില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചത്.ഹെലികോപ്റ്റർ കരാർ ഓഗസ്റ്റിൽ അവസാനിക്കാനിരിക്കെയാണ് കരാർ തുടരണമെന്ന് സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തത്. ഹെലികോപ്റ്റർ കരാർ തുടരണമോ എന്ന കാര്യത്തിൽ സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 'ഡിജിപിയുടെ നിർദേശം സർക്കാരിന് മുന്നിൽ വന്നാൽ ആ കാര്യത്തിൽ തീരുമാനമെടുക്കും. വ്യക്തിപരമായി എനിക്ക് തുടരാൻ താത്പര്യമില്ല. കാബിനറ്റ് കൂടി തീരുമാനമെടുക്കും. കഴിഞ്ഞ കുറെ നാളുകളായി മുന്നോട്ടു കൊണ്ടുപോയ കാര്യമായത് കൊണ്ടാകാം ഡിജിപി വീണ്ടും ശുപാർശ ചെയ്തത്. എന്തുവേണമെന്നുള്ളത് സർക്കാർ തീരുമാനിക്കും'- രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.സ്വകാര്യ കമ്പനിയായ ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്റ്ററിന്റെ വാടക പ്രതിമാസം 80 ലക്ഷം രൂപയാണ്. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ സംസ്ഥാനത്തിന് ഹെലികോപ്റ്റർ ആവശ്യമാണെന്നാണ് ഡിജിപിയുടെ ശുപാർശയിൽ പറയുന്നത്. പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവർത്തനം, മാവോയിസ്റ്റ് വേട്ട, അടിയന്തര സാഹചര്യങ്ങളിൽ വിഐപികളുടെ യാത്ര, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള അടിയന്തര യാത്രകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. ഒരു മാസം 25 മണിക്കൂർ പറക്കുന്നതിനുള്ള നിരക്കാണ് 80 ലക്ഷം രൂപ. അതിൽ കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും അധിക തുക നൽകണം. പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം വാടക നൽകേണ്ട സ്ഥിതിയായിരുന്നു. ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത് ധൂർത്താണെന്ന ആരോപണം പ്രതിപക്ഷത്തിരിക്കെ കോൺഗ്രസ് ഉന്നയിച്ചിരുന്നു.