ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ മൂന്നാം മുന്നണി രൂപീകരിക്കാന്‍ ഒരുങ്ങി ഡിഎംകെ
ചെന്നൈ: ഇന്ത്യ സഖ്യം വിട്ടതിനു പിന്നാലെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് ദേശീത തലത്തിൽ മൂന്നാമതൊരു മുന്നണി രൂപീകരിക്കാനുള്ള നീക്കം ഡിഎംകെ ആരംഭിച്ചു. ബിജെപി വിരുദ്ധ, കോൺഗ്രസ് വിരുദ്ധ നിലപാടുകളുള്ള പ്രാദേശിക പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ പാർട്ടികളുമായി ചർച്ച ആരംഭിച്ചതായാണ് ഡിഎംകെ വൃത്തങ്ങൾ നൽകുന്ന സൂചന.
ഇക്കൊല്ലം നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇന്ത്യ മുന്നണി വിടാൻ ഡിഎംകെ തീരുമാനിച്ചിരുന്നുവെന്നും വിവരമുണ്ട്. തെരഞ്ഞെടുപ്പ് ഫലമെന്തായാലും സംസ്ഥാനത്ത് സഖ്യം തുടരാൻ സാധ്യതയില്ലായിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ ടിവികെക്ക് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ സഖ്യം പൂർണമായും ഇല്ലാതായി. ദേശീയതലത്തിൽ മുന്നണി രൂപീകരിക്കാൻ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജരിവാൾ, ആർജെഡിയുടെ തേജസ്വി യാദവ് എന്നിവരുമായി ഡിഎംകെ ചർച്ച നടത്തിയിരുന്നുവെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.ഇതിനു പുറമെ പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ്, ബിഹാറിലെ ആർജെഡി പാർട്ടികളുമായും ചർച്ച സജീവമാണ്. ഈ പാർട്ടികളെല്ലാം കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുകയാണ്. കൂടാതെ ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. നിലവിൽ ബിജെപിക്കെതിരെ പ്രാദേശിക പാർട്ടികൾ തനിയെയാണ് പോരാടുന്നത്. എന്നാൽ എല്ലാവരും ഒന്നിക്കുന്ന മൂന്നാം മുന്നണി വൈകാതെ വന്നേക്കും.
തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ഇന്ത്യ മുന്നണി യോഗത്തിൽ നിന്ന് ഡിഎംകെ വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയിൽ തങ്ങളില്ലെന്ന് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ വ്യക്തമാക്കിയിരുന്നു. ഇന്ത്യ മുന്നണി യോഗത്തിലും കോൺഗ്രസിന്റ നിലപാടിനെ എതിർത്ത് സഖ്യകക്ഷികളായ വിസികെയും സിപിഎമ്മും രംഗത്തെത്തിയിരുന്നു.കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും കോൺഗ്രസ് സ്വീകരിക്കുന്ന സമീപനം പ്രാദേശിക പാർട്ടികൾക്ക് വെല്ലുവിളിയാണെന്ന് വിസികെ നേതാവ് തോൽ തിരുമവലവൻ യോഗത്തിൽ പറഞ്ഞു. സിപിഎമ്മിനെയും തൃണമൂലിനെയും ഡിഎംകെയെയും അതത് സംസ്ഥാനങ്ങളിൽ കടന്നാക്രമിക്കുന്നതു വഴി ഗുണം കിട്ടുന്നത് മറ്റ് കക്ഷികൾക്കാണ്. അത് നല്ലതല്ല. ഐക്യം ശക്തിപ്പെടുത്താനുള്ള സമീപനമാണ് കോൺഗ്രസ് സ്വീകരിക്കണമെന്നും വിസികെ നേതാവ് ആവശ്യപ്പെട്ടു.
ബിജെപിക്കെതിരെ രൂപീകരിച്ച മുന്നണിയുടെ നേതാക്കൾ കേരളത്തിലെത്തുമ്പോൾ നിലപാട് മറക്കുന്നുവെന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസ് വിമർശിച്ചു. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തിയാൽ സിപിഎമ്മിന് ബിജെപിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു. അങ്ങനെയൊരു നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ നമ്മൾ ഒരുമിച്ചിരുന്ന് ചർച്ച നടത്തുന്നതിൽ എന്ത് അർഥമാണുള്ളതെന്നും ബ്രിട്ടാസ് ചോദിച്ചു.