സുനിൽ കനുഗോലുവിനെ മുഖ്യ ഉപദേഷ്ടവായി നിയമിച്ച് ഡി.കെ.ശിവകുമാർ ;നിയമനം കാബിനറ്റ് റാങ്കോടെ
ബെംഗളൂരു: കേരളത്തിലടക്കം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് നേതൃത്വം നൽകിയ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിനെ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ മുഖ്യ ഉപദേശകനായി നിയമിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. പൊളിറ്റിക്കൽ കൺസൽട്ടൻസി സ്ഥാപനമായ ഇൻക്ലൂസിവ് മൈൻഡ്‌സിന്റെ തലവനായ കനഗോലു, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മുഖ്യ ഉപദേശകനായിരുന്നു. 2023ലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ കർണാടകയിലും തെലങ്കാനയിലും, ഇക്കൊല്ലം കേരളത്തിൽ നടന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയങ്ങൾക്ക് തന്ത്രം മെനഞ്ഞത് കനഗോലുവായിരുന്നു.
ഭരണ നിർവഹണം, പൊതുജനസമ്പർക്കം, നയപരമായ ആശയ വിനിമയം, ഭരണപരിഷ്‌കാരങ്ങൾ എന്നിവയ്ക്കായി ശിവകുമാർ കനഗോലുവിന്റെ ഉപദേശം തേടിയേക്കും. 2028ൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കർണാടകയിൽ വിജയം ഉറപ്പാക്കാവുന്ന വിധത്തിലായിരിക്കും ശിവകുമാറിന്റെ ഭരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഗ്യാരണ്ടി, പേ സിഎം മുതലായ ആശയങ്ങൾ മുന്നോട്ടു വച്ചത് കനഗോലുവാണ്.രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ആസൂത്രണത്തിലും പങ്കാളിയായിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും കനഗോലു നിർണായക പങ്കുവഹിച്ചു. കർണാടകയിലെ ബെല്ലാരി ജില്ലയിലെ വ്യവസായ കുടുംബത്തിലായിരുന്നു കനഗോലുവിന്റെ ജനനം. അമ്മ തെലങ്കാന സ്വദേശിയും അച്ഛൻ കർണാടക സ്വദേശിയുമാണ്. നിലവിൽ ബെംഗളൂരുവിലാണ് താമസം. സ്വകാര്യ ജീവിതത്തെയും കുടുംബത്തെയും മാധ്യമങ്ങളിൽ നിന്നും രാഷ്ട്രീയ ചർച്ചകളിൽ നിന്നും അകറ്റിനിർത്തുന്ന ശൈലിയാണ് കനഗോലു പിന്തുടരുന്നത്.